തെരഞ്ഞെടുപ്പ് പരസ്യങ്ങൾ: സർട്ടിഫിക്കേഷൻ നിർബന്ധമാണെന്നു കളക്ടർ

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്കു ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. സർട്ടിഫിക്കേഷൻ ഇല്ലാതെ പരസ്യങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നതു ചട്ടവിരുദ്ധമാണെന്നും, മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പു പ്രചാരണം കളക്ടറേറ്റിലെ മീഡിയ മോണിറ്ററിങ് സെല്ലിൽ 24 മണിക്കൂർ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. 
ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, സ്വകാര്യ എഫ്.എം. ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമ തീയേറ്ററുകൾ, പൊതു സ്ഥലങ്ങളിലും സമൂഹ മാധ്യമങ്ങളിലും നൽകുന്ന ഓഡിയോ, വിഡിയോ ഡിസ്‌പ്ലേകൾ, ബൾക്ക് എസ്.എം.എസുകൾ, വോയ്‌സ് മെസേജുകൾ, ഇ-പേപ്പറുകൾ തുടങ്ങിയവയിലൂടെ നൽകുന്ന പരസ്യങ്ങൾക്കു മുൻകൂർ അനുമതി നിർബന്ധമാണ്. ഇതിനായി സ്ഥാനാർഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും അനുബന്ധം – 28ൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്ക് സർട്ടിഫിക്കേഷനായി അപേക്ഷ നൽകണം. ടെലികാസ്റ്റ് ചെയ്യുന്നതിനു മൂന്നു ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിർമാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. പരസ്യം പ്രദർശിപ്പിക്കുന്നതിനു നൽകുന്ന പണം ചെക്കായോ ഡിമാൻഡ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്ന പ്രസ്താവനയും നൽകണം.
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസിലാണ് ജില്ലയിലെ 14 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പു പരസ്യങ്ങളുടെ സർട്ടിഫിക്കേഷനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. ലഭിക്കുന്ന അപേക്ഷകൾ കളക്ടർ അധ്യക്ഷയായ ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് അംഗീകാരം നൽകിയ ശേഷം അപേക്ഷകനു സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ 0471 2731300 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു. 
തെരഞ്ഞെടുപ്പു പരാതികൾ നിരീക്ഷകരെ അറിയിക്കാം
കോവളം, നേമം നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു നിരീക്ഷകനായ ശുശീൽ ശർവനെ നേരിട്ട് അറിയിക്കാം. കോവളം ഗസ്റ്റ് ഹൗസിൽ ദിവസവും രാവിലെ 11.30 മുതൽ 12.30 വരെ ഇതിനുള്ള സൗകര്യമുണ്ടാകും. 9188619389 എന്ന മൊബൈൽ നമ്പറിലും gen.ob.5.tvm@gmail.com എന്ന ഇ-മെയിലിലും പരാതി അറിയിക്കാവുന്നതാണ്. 
കഴക്കൂട്ടം, ചിറയിൻകീഴ് മണ്ഡലങ്ങളിലെ പൊതു നിരീക്ഷകനായ എച്ച്.കെ. ശർമയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാരിതകളും നിർദേശങ്ങളും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും അറിയിക്കുന്നതിന് 9188619386 എന്ന നമ്പറിൽ ബന്ധപ്പെടണം. വാട്‌സ് ആപ്പ് മുഖേനയും അറിയിക്കാം. ഇ-മെയിൽ – gen.ob.2.tvm@gmail.com
ചിറയിൻകീഴ് മണ്ഡലത്തിലെ പരാതികൾ ആറ്റിങ്ങൽ യാത്രി നിവാസിൽവച്ച് നേരിട്ടു കേൾക്കും. മാർച്ച് 23നു വൈകിട്ട് 3.30 മുതൽ 4.30 വരെയും 25, 27, 29, 31, ഏപ്രിൽ രണ്ട് തീയതികളിൽ രാവിലെ പത്തു മുതൽ 11 വരെയുമാണു പരാതികൾ നേരിട്ടു കേൾക്കുന്നത്.