നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച പദ്ധതികള്‍ പോലും സര്‍ക്കാര്‍ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കി; മുഖ്യമന്ത്രി

പ്രാവച്ചമ്പലം – കൊടിനട നാലുവരിപാത നാടിന് സമര്‍പ്പിച്ചു

112 കോടി രൂപ ചെലവില്‍ അഞ്ചു കിലോമീറ്റര്‍ നീളത്തില്‍ നാലുവരിപ്പാത

കരമന – കളിയിക്കാവിള ദേശീയ പാതയുടെ രണ്ടാമത്തെ റീച്ചായ പ്രാവച്ചമ്പലം മുതല്‍ കൊടിനടവരെയുള്ള നാലു വരി പാത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള തടസ്സങ്ങള്‍ പരിഹരിച്ച്  ഒരു കാലത്തും നടപ്പിലാക്കാന്‍ കഴിയില്ലെന്നു കരുതിയ ദേശീയപാതാ വികസനം സാധ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി സമയ ബന്ധിതമായി പാലങ്ങളും റോഡുകളും പൂര്‍ത്തീകരിച്ചു. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ചു കളഞ്ഞ പദ്ധതികള്‍ പോലും ഇപ്പോള്‍ യാഥാര്‍ഥ്യമായി. പൊതുമരാമത്ത് വകുപ്പിലൂടെ മാത്രം ഇരുപതിനായിരം കോടിയിലധികം രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിനായി നഗര – ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ മേഖലയിലും വികസനം സാധ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ നിലവില്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയപാത നിര്‍മാണത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ശിലാഫലകം ചടങ്ങില്‍ അദ്ദേഹം അനാശ്ചാദനം ചെയ്തു. 
ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡാര്‍ലിന്‍ കാര്‍മലീറ്റ ഡിക്രൂസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

പ്രാവച്ചമ്പലം – കൊടിനട നാലുവരിപാതയെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. ദേശീയ പാതയില്‍ ബാലരാമപുരം വരെയുള്ള ഭാഗത്തെ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ പുതിയ നാലു വരി പാതയിലൂടെ സാധിക്കും. 30.2 മീറ്റര്‍ വീതിയുള്ള 4 വരിപ്പാതയില്‍ മധ്യഭാഗത്ത് 3 മീറ്റര്‍ വീതിയില്‍ മീഡിയനും ഇരു വശങ്ങളിലും നടപ്പാത ഉള്‍പ്പെടെ 10.5 മീറ്റര്‍ ബി. എം & ബി. സി ടാറിങ്ങുമാണ് നടത്തിയിട്ടുള്ളത്. കാഴ്ച പരിമിതര്‍ക്കും അനായാസം നടപ്പാത ഉപയോഗിക്കാന്‍ സഹായിക്കുന്ന ടാക് ടൈല്‍ ടൈല്‍സാണ് കൈവരിയോട് കൂടിയ ഇന്റര്‍ലോക്ക് നടപ്പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്. റോഡിന് ഇരുവശങ്ങളിലും 1.20 മീറ്റര്‍ വീതിയില്‍ യൂട്ടിലിറ്റി ഏരിയയും നല്‍കിയിട്ടുണ്ട്. 
നാലുവരിപ്പാതയുടെ പ്രവചമ്പലം,പള്ളിച്ചല്‍,വെടിവച്ചാന്‍ കോവില്‍,മുടവൂര്‍പ്പാറ എന്നീ സ്ഥലങ്ങളില്‍ നാല് സിഗ്‌നല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിന് മിഡിയനില്‍ 250 സ്ട്രീറ്റ് ലൈറ്റുകളാണ് നല്‍കിയിട്ടുള്ളത്. നാലു ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 
കിഫ്ബി ഫണ്ടില്‍ നിന്ന് 112 കോടി രൂപ ചെലവിട്ടാണ് കൊടിനട വരെയുള്ള 5 കി. മീ ഭാഗത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് റോഡ് നിര്‍മ്മാണം ഏറ്റെടുത്തു നടത്തിയത്. 
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രാവച്ചമ്പലത്ത് നടന്ന പ്രത്യേക ചടങ്ങില്‍ ഐ ബി സതീഷ് എം.എല്‍.എ സ്വാഗതം ആശംസിച്ചു. എം.എല്‍.എമാരായ സി. കെ ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, മുന്‍ നിയമസഭ സ്പീക്കര്‍ എം. വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.