പാപ്പനംകോട് എന്‍ജിനീയറിങ് കോളജ് വികസനം വേഗത്തിലാക്കും: മന്ത്രി എ.കെ. ശശീന്ദ്രന്‍

പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എന്‍ജിനീയറിങ് കോളജിന്റെ വികസനം അതിവേഗത്തിലാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. മികച്ച അടിസ്ഥാന സൗകര്യവും ഉന്നത വിദ്യാഭ്യാസ നിലവാരവുമാണ് കോളജിന് അക്രഡിറ്റേഷന്‍ ലഭ്യമാക്കാന്‍ സഹായിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോളജിന്റെ പ്രധാന കെട്ടിടത്തിന്റെ മൂന്നാം നിലയുടെ ഉദ്ഘാടനവും വനിതാ ഹോസ്റ്റലിന്റെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കോളജ് വികസനത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ഈ ബജറ്റില്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒമ്പതു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  4.47 കോടി രൂപ ചെലവില്‍ 20,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പ്രധാന കെട്ടിടത്തിലെ മൂന്നാം നില നിര്‍മിച്ചിരിക്കുന്നത്. ക്യാഡ് ലാബ്, സ്റ്റാഫ് റൂംസ്, ഇ.സി. ഡിജിറ്റല്‍ ലാബ്, സിസ്റ്റംസ് ലാബ്, ക്ലാസ് മുറികള്‍, മൈക്രോവേവ് ലാബ്, ടോയ്ലറ്റ് ബ്ലോക്കുകള്‍ എന്നിവ പുതിയ നിലയിലുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കായിരുന്നു നിര്‍മാണ ചുമതല. അക്കാദമിക അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് വനിതാ ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. 4.35 കോടി രൂപ ചെലവില്‍ 15,933 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നാലു നിലകളിലായാണ് വനിതാ ഹോസ്റ്റല്‍ നിര്‍മാണം. തൃശ്ശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനാണ് ഇതിന്റെ നിര്‍മ്മാണച്ചുമതല.
കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പാപ്പനംകോട് വാര്‍ഡ് കൗണ്‍സിലര്‍ ആശാ നാഥ് ജി.എസ്, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ജയസുധ ജെ.എസ്, കോളേജ് പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് ഡീന്‍ ഡോ.ബി. ഗീതാകുമാരി, മുന്‍ പ്രിന്‍സിപ്പല്‍ ഡോ.കെ. പ്രഭാകരന്‍ നായര്‍, കോളേജ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗങ്ങള്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികള്‍, തൃശ്ശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.