പൊലീസ് സേനയ്ക്കായി ജില്ലാതലത്തിൽ സാങ്കേതിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങും: മുഖ്യമന്ത്രി

ശാസ്ത്ര സാങ്കേതികവിദ്യയുടെ വളർച്ച ക്രമസമാധാന രംഗത്തും പ്രയോജനപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥർക്കായി ജില്ലാതല പരിശീലന കേന്ദ്രങ്ങൾ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയുടെ പ്രൊഫഷണലിസം വർധിപ്പിക്കുന്നതിനു വിവിധ നടപടികൾ ഇതിനോടകം സർക്കാർ നടപ്പാക്കിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. കാട്ടാക്കട, വർക്കല ഡിവൈ.എസ്.പി. ഓഫിസുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തു പുതുതായി നിർമിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളും കൂടുതൽ ജനസൗഹാർദവും പരിസ്ഥിതി സൗഹാർദവുമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സബ് ഡിവിഷനുകളുടെ എണ്ണം വർധിപ്പിക്കാനായതു ക്രമസമാധാന രംഗത്തെ വലിയ നേട്ടമാണ്. കൂടുതൽ സബ് ഡിവിഷനുകൾ വരുന്നതോടെ നിരീക്ഷണവും ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിളപ്പിൽശാല, മാറനല്ലൂർ, മലയിൻകീഴ്, നെയ്യാർഡാം, കാട്ടാക്കട, ആര്യങ്കോട്, നരുവാമൂട് പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണു കാട്ടാക്കട സബ് ഡിവിഷൻ രൂപീകരിച്ചത്. വർക്കല, അയിരൂർ, കല്ലമ്പലം, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, പള്ളിക്കൽ, കിളിമാനൂർ പോലീസ് സ്റ്റേഷനുകളാണ് വർക്കല ഡിവൈഎസ്പി ഓഫിസിനു കീഴിൽ വരിക.

കാട്ടാക്കട ഡിവൈ.എസ്.പി. ഓഫിസ് ഉദ്ഘാടന ചടങ്ങിൽ ഐ.ബി സതീഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് സനൽ കുമാർ, ഡിവൈ.എസ്.പിമാരായ ഉമേഷ് കുമാർ, ഷാജി.എസ് തുടങ്ങിയവർ പങ്കെടുത്തു. വർക്കലയിൽ നടന്ന ചടങ്ങിൽ വി. ജോയി എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ.എം ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശശികല, ആറ്റിങ്ങൽ ഡി.വൈ.എസ്.പി ബി ഗോപകുമാർ തുടങ്ങിയവരും പങ്കെടുത്തു.