പ്രശസ്ത കവയത്രി സു​ഗത കുമാരി അന്തരിച്ചു.

തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചർ അന്തരിച്ചു. ഇന്ന് രാവിലെ 10.52 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തിൽ വെൻ്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽ ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.

തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി.

അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്. സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്. ഇതിൽ സൈലന്റ് വാലി നഷ്ടപ്പെടുമോ എന്ന കവയിത്രിയുടെ ആശങ്കയാണ് പങ്കുവെക്കുന്നത്.