ബുറേവി ചുഴലിക്കാറ്റ്; ജില്ലയില്‍ ഡിസംബര്‍ നാലിന് അതീവ ജാഗ്രത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 470കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 700 കിമീ ദൂരത്തിലുമുള്ള ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ ശക്തിപ്രാപിച്ച് ശ്രീലങ്കന്‍ തീരം കടക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് ജില്ലയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്ത് നിന്നും കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും വേഗം ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എന്‍.ഡി.ആര്‍.എഫ് സംഘമെത്തി

ജില്ലയില്‍ ചുഴലികാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ മുൻകരുതൽ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍.ഡി.ആര്‍.എഫ് സംഘം ജില്ലയിലെത്തി. മലയോര മേഘലകള്‍, അപകടസാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഡെപ്യൂട്ടി കമാന്‍ഡന്റ് രാജന്‍ ബാലുവിന്റെ നേതൃത്വത്തിലുള്ള 20 പേരാണ് സംഘത്തിലുള്ളത്.