മത്സ്യ ഭവന്‍ പ്രവര്‍ത്തനമാരംഭിച്ചു

ഉള്‍നാടന്‍ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാട്ടാക്കട കുളത്തുമ്മലില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ മത്സ്യഭവന്‍ ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട, നെടുമങ്ങാട് താലൂക്ക് പരിധിയിലെ മത്സ്യ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ് പുതിയ മത്സ്യഭവന്‍. നിലവില്‍ മത്സ്യ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ ലഘൂകരിക്കാനും മത്സ്യഭവനിലൂടെ കഴിയും.

ഉള്‍നാടന്‍ മത്സ്യ മേഖലയിലെ സമഗ്ര വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ മത്സ്യഭവനു തുടക്കമിട്ടത്. ഫിഷറീസ് വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ഗുണഭോക്താക്കളായിട്ടുള്ള ഉള്‍നാടന്‍ മേഖലയിലെ മത്സ്യകര്‍ഷകര്‍ക്ക് ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിച്ചുവരുന്ന സേവനങ്ങള്‍ ഇനി മത്സ്യഭവനിലൂടെ ലഭിക്കും. കാട്ടാക്കട ഗ്രാമപഞ്ചായത്ത് അംഗം എസ്. വിജയകുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബീന സുകുമാര്‍, ഫിഷറിസ് വകുപ്പിലെ ജീവനക്കാർ എന്നിവര്‍ പങ്കെടുത്തു.