മെഡിക്കല്‍ കോളേജുകളെ മികവുറ്റതാക്കി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

5 മെഡിക്കല്‍ കോളേജുകളില്‍ 186.37 കോടി രൂപയുടെ പദ്ധതികള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ 18 പദ്ധതികള്‍

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കുമെന്ന് ഈ സര്‍ക്കാര്‍ പറഞ്ഞിരുന്നു. അത് തികച്ചും അന്വര്‍ത്ഥമാക്കിക്കൊണ്ട് കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും കാണാന്‍ സാധിക്കും. നേരത്തെയുള്ള മെഡിക്കല്‍ കോളേജുകളില്‍ എല്ലാം തന്നെ വളരെപ്പെട്ടന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. ഇതോടൊപ്പം തന്നെ പുതുതായി വന്നിട്ടുള്ള കൊല്ലം, എറണാകുളം, മഞ്ചേരി, ഇടുക്കി, കണ്ണൂര്‍, കോന്നി മെഡിക്കല്‍ കോളേജുകളിലും വലിയ സൗകര്യങ്ങളൊരുക്കി. വയനാട് മെഡിക്കല്‍ കോളേജില്‍ 500 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 5 മെഡിക്കല്‍ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ 33 കോടി രൂപയുടെ 18 പദ്ധതികള്‍, കൊല്ലം മെഡിക്കല്‍ കോളേജിലെ 7.01 കോടിയുടെ 2 പദ്ധതികള്‍, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 18.27 കോടിയുടെ 8 പദ്ധതികള്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ 90.09 കോടിയുടെ 22 പദ്ധതികള്‍, മഞ്ചേരി മെഡിക്കല്‍ കോളേജിലെ 38 കോടിയുടെ 12 പദ്ധതികള്‍ എന്നിവയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പുറമേ ഗവേഷണം പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളിലെ ലാബുകള്‍ ഗവേഷണത്തിന് ഉപകരിക്കുന്നവിധം ആധുനികമാക്കി വരുന്നു. കാത്ത് ലാബ് ഉള്‍പ്പെടെയുള്ള ഏറ്റവും ആധുനിക ഉപകരണങ്ങള്‍ ഈ മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിട്ടുണ്ട്. തങ്ങളുടെ മെഡിക്കല്‍ കോളേജുകള്‍ ഏറ്റവും ആധുനികമാക്കുന്നതിന് നല്ലൊരു മത്സരം നടക്കുന്നുണ്ട്. നല്ല ടീമായിട്ടാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ നിതാന്ത ജാഗ്രതയോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കിഫ്ബി ധനസഹായത്തോടെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇതെല്ലാം പൂര്‍ത്തിയാകുമ്പോള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി. ആശുപത്രിയുടെ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ മുകളില്‍ ലക്ഷ്യ പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം 17 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച രണ്ട് നില, എസ്.എ.ടി.യിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോസ്‌ക്ക്, 2 കോടി രൂപ ചെലവഴിച്ചുള്ള വന്ധ്യതനിവാരണ ക്ലിനിക്കിന്റെ വിപുലീകരണം, 30 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മൃതസഞ്ജീവനിയുടെ ഓഫീസ്, ആറ് കിടത്തി ചികിത്സാ വാര്‍ഡുകളിലെ 350 കിടക്കകള്‍ക്കരികില്‍ ഓക്‌സിജന്‍ വിതരണപൈപ്പ് ലൈനും സെന്‍ട്രല്‍ സക്ഷന്‍ ലൈനും എത്തിക്കുന്നതിനായി 43 ലക്ഷം രൂപ ചെലവില്‍ സജ്ജമാക്കിയ ഓക്‌സിജന്‍ വിതരണം, 2.25 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 72 കിടക്കകളോടുകൂടി 28-ാം വാര്‍ഡ്, 1.70 കോടി രൂപ ചെലവഴിച്ച പുതിയ എന്‍ഡോക്രൈനോളജി വാര്‍ഡ്, 15 ലക്ഷം രൂപയുടെ ലിക്വിഡ് ഓക്‌സിജന്‍ സംഭരണം, ഒരു കോടി ചെലവഴിച്ചുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കോളേജിലെ പരീക്ഷാ ഹാള്‍, 91 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേറ്റ് ഓഫ് ആര്‍ട്ട് ഫാര്‍മസി സ്റ്റോര്‍, 5 കോടി രൂപ ചെലവഴിച്ചുള്ള എസ്.എ.ടി. ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ഇന്‍ ഹൗസ് ഡ്രഗ് ബാങ്ക്, 25 ലക്ഷം രൂപ ചെലവഴിച്ചുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, മെഡിക്കല്‍ ഗ്യാസ്‌ട്രോ ലാബ്, 80 ലക്ഷം രൂപ ചെലവഴിച്ചുള്ള എം.എല്‍.റ്റി. ക്ലാസ് റൂം, ഒരു കോടി രൂപ ചെലവഴിച്ചുള്ള പാരാമെഡിക്കല്‍ ഹോസ്റ്റല്‍, രണ്ട് കോടി രൂപ ചെലവഴിച്ചുള്ള മൂന്ന് നിലയുളള മെന്‍സ് ഹോസ്റ്റല്‍, 31 ലക്ഷം രൂപ ചെലവഴിച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രധാന കവാടത്തോടു ചേര്‍ന്ന് നിര്‍മ്മിച്ച വെയ്റ്റിംഗ് ഏര്യ, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലബോറട്ടറിയില്‍ 34 ലക്ഷം ചെലവഴിച്ച് സജ്ജമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഗവേഷണമേഖലയിലെ ആദ്യ സംരംഭമായ സീബ്രഫിഷ് റിസര്‍ച്ച് ഫെസിലിറ്റി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് സ്വാഗതമാശംസിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്.എസ്. സന്തോഷ്‌കുമാര്‍, ഡോ. സുനില്‍കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്റോയ്, എ.ആര്‍.എം.ഒ. ഡോ. എസ്. സുജാത, എച്ച്.ഡി.എസ്. അംഗങ്ങള്‍, ഒരു ആംബുലന്‍സ് സംഭാവന നല്‍കിയ ഐഎസിഐസിഐ ബാങ്കിനെ പ്രതിനിധീകരിച്ച് ചീഫ് മാനേജര്‍ അരവിന്ദ് ഹരിദാസ്, 17 മള്‍ട്ടി പാര മോണിറ്റര്‍ സംഭാവന നല്‍കിയ യു.എസ്.ടി.യെ പ്രതിനിധീകരിച്ച് പ്രേം കിഷോര്‍, പുതിയ വാര്‍ഡുകളിലേക്ക് 50 ആധുനിക കിടക്കകള്‍ സംഭാവന നല്‍കിയ കേശവദാസപുരം പൗരസമിതി സെക്രട്ടറി സി. ഗോപി, എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ് കൃതജ്ഞത രേഖപ്പെടുത്തി.