വനിതകളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയത് സമഗ്ര പദ്ധതികൾ

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം; സംസ്ഥാനത്ത് വനിതകളുടെ ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത് സമാനതകളില്ലാത്ത പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകാൻ 2017 ൽ വനിതാ ശിശു വികസനത്തിന് പ്രത്യേക വകുപ്പ് ഉണ്ടാക്കിയത് തന്നെ അതിന് വേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ കിഴക്കേകോട്ടയിലെ ട്രാൻസ്പോർട്ട് ഭവനിൽ ആരംഭിച്ച ആസ്ഥാന മന്ദിരത്തിന്റേയും , തിരുവനന്തപുരം മേഖല ഓഫീസ്, റീച്ച് ഫിനിഷിംഗ് സ്കൂൾ എന്നിവയുടേയും ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതിയ സമുച്ചയത്തില്‍ കോര്‍പ്പറേറ്റ് ഓഫീസിനു പുറമെ മേഖലാ ഓഫീസും റീച്ച് ഫിനിഷിങ് സ്കൂളുമാണ് പ്രവര്‍ത്തിക്കുക. ഈ ഓഫീസിലെ അത്യാധുനിക സൗകര്യങ്ങള്‍ വനിതകളുടെ ശാക്തീകരണത്തിനും സുരക്ഷയ്ക്കുമായി കോര്‍പ്പറേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക സ്വാശ്രയത്വത്തിന്‍റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേക്ക് സ്ത്രീകളെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തിലൂന്നിയാണ് 1988 മുതല്‍ വനിതാ വികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. അതിനായി വിവിധ വായ്പാ പദ്ധതികള്‍, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍ നടത്തിവരുന്നത്. അതിലൂടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ സമൂഹത്തിലെ മുഖ്യധാരയില്‍ എത്തിക്കാനും അവര്‍ക്ക് അന്തസുള്ള ജീവിതം ഒരുക്കിനല്‍കാനും ഒരു പരിധിവരെ കോർപ്പറേഷന് സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല സാമൂഹിക സൂചികങ്ങളിലും കേരളം മുന്‍പന്തിയിലാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ലിംഗസമത്വത്തിന്‍റെ കാര്യത്തിലും അതേ പദവി നിലനിര്‍ത്താന്‍ നമുക്കാവുന്നുവെന്നത് അഭിമാനം പകരുന്ന കാര്യമാണ്. ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് ലിംഗസമത്വത്തിന്‍റെ കാര്യത്തില്‍ കേരളം ഒരു പ്രകാശ രേഖയാണ് എന്നാണ്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതത്വമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇപ്പോള്‍ കേരളത്തിനുള്ളത്. അത് വൈകാതെ തന്നെ ഒന്നാംസ്ഥാനമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ആത്മ വിശ്വാസത്തോടെ ഈ സര്‍ക്കാരിന് പറയാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ ഉന്നമനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതിനായാണ് സര്‍ക്കാര്‍ 2017ല്‍ സാമൂഹ്യ നീതി വകുപ്പ് വിഭജിച്ച് വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചത്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ വികാസം ലക്ഷ്യമിട്ട് വിവിധ പ്രവര്‍ത്തനങ്ങളാണ് ആ വകുപ്പിലൂടെ നടപ്പിലാക്കിവരുന്നത്. സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ബാലനിധി, അശരണരായ വിധവകളെ സംരക്ഷിക്കുന്നതിനുള്ള അഭയകിരണം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെയുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനായുള്ള സഹായഹസ്തം പദ്ധതി, അനുപൂരക പോഷകാഹാര പദ്ധതി, കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നീ ലക്ഷ്യത്തോടെ ആവിഷ്കരിച്ച കരുതല്‍ സ്പര്‍ശം, സ്ത്രീകളിലെയും കുട്ടികളിലെയും പോഷകക്കുറവ് തുടക്കത്തില്‍ കണ്ടെത്തി പരിഹരിക്കുന്നതിനായുള്ള പോഷാകാഹാര ഗവേഷണ കേന്ദ്രം, ശരണബാല്യം, സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും സ്ത്രീസുരക്ഷയില്‍ സമൂഹത്തിന്‍റെ പങ്ക് ഉറപ്പുവരുത്താനുമായുള്ള ‘പൊതുയിടം എന്‍റേതും’ തുടങ്ങിയ നിരവധി പദ്ധതികള്‍ അതില്‍ ഉള്‍പ്പെടുന്നുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനായി കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, പ്രേരക്മാര്‍, മഹിളാപ്രധാന്‍ ഏജന്‍റുമാര്‍, ജനമെത്രി പൊലീസ്, യുവജന ക്ലബുകള്‍ റെസിഡന്‍സ് അസോസിയേഷന്‍ എന്നിങ്ങനെ വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി കൈത്താങ് കര്‍മ്മസേന രൂപീകരിച്ചു. പൊതു ഇടങ്ങളിലും കുടുംബത്തിലും സമൂഹത്തിലും ജോലി സ്ഥലത്തും സ്ത്രീകള്‍ക്കെതിരായി അക്രമം ഉണ്ടായാല്‍ അവയെ തടയുന്നതിനായി 14 ജില്ലകളിലും വണ്‍ സ്റ്റോപ്പ് സെന്‍ററുകള്‍ ആരംഭിച്ചു. അഗതികളായ സ്ത്രീകള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കായി വിവിധ ജില്ലകളില്‍നിന്നും തനിച്ച് എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സൗജന്യമായി താമസിക്കുന്നതിന് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ‘എന്‍റെ കൂട്’ പദ്ധതി നടപ്പിലാക്കി.
സാമ്പത്തിക സ്വാശ്രയത്വത്തിലൂടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് വനിതാവികസന കോര്‍പ്പറേഷനും ഇക്കാലയളവില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. സമൂഹത്തിന്‍റെ സുസ്ഥിര വികസനത്തിനും പുരോഗതിയിലും സ്ത്രീയെ തുല്യ പങ്കാളികളാക്കാന്‍ ഉദ്ദേശിച്ചുള്ള ഒട്ടേറെ വായ്പാ, പരിശീലന പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 480 കോടി രൂപയാണ് സംസ്ഥാനത്തെ വനിതാസംരംഭകര്‍ക്കായി കെ എസ് ഡബ്ല്യൂ സി സി ഇക്കാലയളവില്‍ വായ്പയായി നല്‍കിയത്. 30 കോടിയില്‍നിന്നും വാര്‍ഷിക വായ്പാവിതരണത്തെ 130 കോടിയിലേക്ക് ഉയര്‍ത്തി.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വനിതാമിത്ര കേന്ദ്രങ്ങള്‍ ആരംഭിച്ചു. റീച്ച് ഫിനിഷിങ് സ്കൂള്‍ എന്ന പദ്ധതിയിലൂടെ 5117 വനിതകള്‍ക്ക് വിവിധരീതിയിലുള്ള പരിശീലനങ്ങള്‍ നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലിംഗ പദവി അവബോധ പരിശീലനം നല്‍കുന്നതിന് ബോധ്യം എന്ന പദ്ധതിയും നടപ്പിലാക്കിവരികയാണ്. 4000 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ പദ്ധതിയിലൂടെ ഇതിനകം പരിശീലനം നല്‍കിക്കഴിഞ്ഞു. ബാക്കി വരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കൂടി ഈ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമിട്ടുകഴിഞ്ഞു.
ആര്‍ത്തവത്തെ സംബന്ധിച്ച് സമൂഹത്തില്‍, വിശേഷിച്ചും പെണ്‍കുട്ടികളില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഷീപേഡ് എന്ന പദ്ധതി നടപ്പിലാക്കി. ഈ രീതിയില്‍ കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടയില്‍ വനിതാ വികസന കോര്‍പ്പറേഷന് 10 ലക്ഷത്തിലധികം വനിതകള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചുവെന്നതു സര്‍ക്കാരിനും വലിയ അഭിമാനം പകരുന്ന കാര്യമാണ്.
സ്ത്രീയുടെ ജീവിതം വീടിനുള്ളിലും പുറത്തും സുരക്ഷിതവും അന്തസ്സുള്ളതുമാക്കി മാറ്റാനും അവരുടെ ചലനാത്മകത വര്‍ധിപ്പിക്കുന്നതിനും സഹായകരമാകുന്ന കൂടുതല്‍ പദ്ധതികളുമായി മുന്നേറാന്‍ കോര്‍പറേഷന് സാധിക്കണം. ലിംഗസമത്വത്തിന്‍റെ കാഴ്ചപ്പാട് കൂടുല്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ട് സ്ത്രീകള്‍ തന്നെ രംഗത്തുവരേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ത്രീശാക്തീകരണത്തിന് മികച്ച ചാലക ശക്തിയായി മാറി ലോകോത്തര മാതൃക സൃഷ്ടിക്കാനായത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലര വർഷക്കാലം വനിതാ വികസന കോർപ്പറേഷൻ മികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചത്. കേന്ദ്ര സർക്കാരിന്റെ കൂടുതൽ ഫണ്ട് ലഭിക്കാൻ ഇടയാക്കിയതും കോർപ്പറേഷന്റെ പ്രവർത്തന മികവാണെന്നും മന്ത്രി പറഞ്ഞു.

വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെഎസ് സലീഖ ( എക്സ് എംഎൽഎ) സ്വാഗതം ആശംസിച്ചു. സാമൂഹ്യനീതി വനിതാ വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ഉപഹാര സമർപ്പണം നടത്തി. അഡി. സെക്രട്ടറി മുഹമ്മദ് അൻസാരി, ധനകാര്യ വകുപ്പ് ജോ. സെക്രട്ടറി എ.ആർ .ബിന്ദു, വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർമാരായ അ‍ഡ്വ കെ.പി സുമതി, ഡോ. ടി ഗീനാകുമാരി, കമലാ സദാനന്ദൻ, അന്നമ്മ പൗലോസ്, ടി.വി. മാധവി അമ്മ, മാനേജിംഗ് ഡയറക്ടർ വി.സി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.