വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി

കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി. നാല് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 43 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയിലെ 60 പരാതികളാണ് പരിഗണിച്ചത്.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, ഡോ.ഷാഹിദ കമാല്‍ ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേട്ടു.

അഞ്ച് വര്‍ഷമായി ലിവിംഗ് ടുഗദര്‍ അടിസ്ഥാനത്തില്‍ ജീവിച്ചശേഷം മറ്റൊരു സ്ത്രീയെ വിവാഹംകഴിക്കനൊരുങ്ങുന്ന പങ്കാളിക്കെതിരെ യുവതി നല്‍കിയ വഞ്ചനാക്കുറ്റം സംബന്ധിച്ച പരാതിയില്‍ തുടര്‍ നടപടികള്‍ക്ക് ഫോര്‍ട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

കൊറോണക്കാലത്തെ കെട്ടിടവാടക നല്‍കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ പോലീസ് സ്‌റ്റേഷനില്‍ വരെയെത്തിയ പരാതിക്ക് അദാലത്തില്‍ പരിഹാരമായി. രണ്ട് ലക്ഷം അഡ്വാന്‍സും ഇരുപതിനായിരം വാടകയുമുള്ള നഗരത്തിലെ കെട്ടിടത്തിന് ഏപ്രില്‍ മുതല്‍ വാടക നല്‍കാനുണ്ടായിരുന്നു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി കമ്മിഷന്‍ നിര്‍ദേശിച്ച തുക ഇരുവിഭാഗത്തിനും സ്വീകാര്യമാകുകയായിരുന്നു.

ക്രിമിനല്‍കുറ്റത്തിന് അറസ്റ്റിലായ മകന്‍ പൊലീസിനെതിരെ അമ്മയെക്കൊണ്ട് നല്‍കി പരാതിയില്‍ വനിതാ കമ്മിഷന്‍ ശക്തമായ താക്കീത് നല്‍കി. നഗരത്തിലെ ഒരു കോളനിയില്‍ നിന്നായിരുന്നു പരാതിക്കാരെത്തിയത്. വീട്ടിലെ പുരുഷന്‍മാര്‍ കുറ്റക്കാരായ കേസുകളില്‍ സ്ത്രീകളെക്കൊണ്ട് പൊലീസിനെതിരെ വനിതാകമ്മിഷനില്‍ പരാതി നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും ഇത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

അഞ്ചു മക്കളുണ്ടായിട്ടും അമ്മയെ കാണാന്‍ മക്കള്‍ എത്തുന്നില്ലെന്ന വൃദ്ധയുടെ പരാതിയില്‍ മക്കള്‍ മാതാപിതാക്കളെ പരിപാലിക്കേണ്ട കടമ നിറവേറ്റണമെന്ന കമ്മിഷന്റെ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അമ്മയെ പരിപാലിക്കാമെന്ന് മക്കള്‍ കമ്മിഷന് ഉറപ്പ് നല്‍കി.

വിവാഹത്തിനുശേഷം ഭാര്യയുടെ സ്വത്ത് കൈവശപ്പെടുത്തുകയും ആറ് വര്‍ഷത്തിനുശേഷം വേര്‍പിരിയുകയും ചെയ്‌തെന്ന പരാതിയില്‍ തുക തിരികെ നല്‍കാന്‍ എതിര്‍കക്ഷി സമ്മതിച്ചു. ആദ്യഗഡുവായ 50000 രൂപ ഈ മാസം 24-ന് നല്‍കും. തീരദേശ മേഖലയില്‍ നിന്നുള്ള പരാതിയില്‍ ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. അമ്മയുടെ മരണശേഷമാണ് രണ്ടുപേരും വേര്‍പിരിഞ്ഞത്.