വനിത വികസന കോര്‍പറേഷന്റെ സേവനം ജനങ്ങളിലെത്തിക്കാന്‍ പരസ്യചിത്രങ്ങള്‍

പ്രൊമോഷണല്‍ പരസ്യ ചിത്രങ്ങളുടെ ലോഞ്ചിങ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. സ്ത്രീ മുന്നേറ്റത്തിന് കൈത്താങ്ങും സഹയാത്രികയുമായ വനിത വികസന കോര്‍പ്പറേഷനെ കുറിച്ചും കോര്‍പ്പറേഷന്റെ ഏറ്റവും മികച്ച പദ്ധതികളില്‍ ഒന്നായ മിത്ര 181 വനിത ഹെല്‍പ് ലൈനിനെ കുറിച്ചും പ്രചരണവും അവബോധവും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പരസ്യ ചിത്രങ്ങള്‍ തയ്യാറാക്കിയത്. പ്രൊമോഷണല്‍ പരസ്യ ചിത്രങ്ങളുടെ ലോഞ്ചിങ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സേഫ് സ്‌റ്റേ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചും ചലച്ചിത്രതാരം മീര നന്ദന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ചലച്ചിത്ര താരം മഞ്ജു വാര്യരും ഓണ്‍ ലൈന്‍ വഴി പങ്കെടുത്തു.

സംസ്ഥാന വനിത വികസന കോര്‍പറേഷന് കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതും ഉപകാരപ്രദവുമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് യാഥാര്‍ത്ഥ്യമാക്കിയതോടെ വനിത വികസന കോര്‍പ്പറേഷന് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. വനിതകള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് സഹായ വായ്പകള്‍ അനുവദിക്കാനും അവരെ സഹായിക്കാനും സാധിച്ചിട്ടുണ്ട്. രാജ്യത്തിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയായി വനിത വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. വനിത വികസന കോര്‍പറേഷന്റെ സേവനങ്ങളും മിത്ര 181ന്റെ സേവനങ്ങളും ജനങ്ങളിലെത്തിക്കാനാണ് പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണക്കാരില്‍ സാധാരണക്കാരായ സമൂഹത്തിന്റെ താഴെതട്ടിലും ഇടത്തരം കുടുംബങ്ങളിലും ജീവിക്കുന്ന പരിഗണന അര്‍ഹിക്കുന്ന വനിതകളിലേക്ക് വനിത വികസന കോര്‍പറേഷന്റെ പദ്ധതികളുടെ ഗുണങ്ങളെ കുറിച്ചുള്ള അവബോധവും ആവശ്യകതയും പ്രചരിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരസ്യ ചിത്രം നിര്‍മ്മിച്ചത്. മലയാള സിനിമയിലെ പെണ്‍ കരുത്തായ മഞ്ജു വാര്യരുടെ സാന്നിധ്യം ഈ പരസ്യ ചിത്രത്തിലുണ്ട്.

വനിത വികസന കോര്‍പറേഷന്റെ മികച്ച പദ്ധതികളില്‍ ഒന്നാണ് മിത്ര 181. മിത്ര 181 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ 24 മണിക്കൂറും വിവിധങ്ങളായ വിവരങ്ങള്‍ അന്വേഷിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനും കൗണ്‍സിലിംഗിനും റെസ്‌ക്യൂ സര്‍വീസിനും വിളിക്കാവുന്നതാണ്. വനിതകള്‍ക്ക് ഒറ്റ ഡയലിലൂടെ മിത്രയുടെ 181 എന്ന ടോള്‍ ഫ്രീ നമ്പര്‍ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പില്‍ വരുത്തിയിരിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ആണ് ഇതിന്റെ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. മിത്രയുടെ സേവനം ആവശ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് ഉപകരിക്കണമെങ്കില്‍ 181 എന്ന നമ്പറിന്റെ വ്യാപകമായ പ്രചരണം ആവശ്യമാണ്. ഇത് കണക്കിലെടുത്ത് കൊണ്ടാണ് കോര്‍പ്പറേഷന്‍ 181 മിത്രയെ കുറിച്ചുള്ള ചെറിയ ഒരു പരസ്യ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ ചലച്ചിത്ര താരം ഭാവനയുടെ സാന്നിധ്യം ഈ പരസ്യ ചിത്രത്തിന്റെ പ്രത്യേകതയാണ്.

വനിതകളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിന് അവരുടെ ചലനാത്മകത പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ സേഫ് സ്‌റ്റേ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ ഹൃസ്വകാല താമസ സൗകര്യം മിതമായ നിരക്കില്‍ സംസ്ഥാനത്തുടനീളം ഉറപ്പുവരുത്തുന്നതിനായി ആദ്യ ഘട്ടത്തില്‍ 40 ഹോസ്റ്റലുകള്‍ ആണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവയുടെ സേവനങ്ങള്‍ എളുപ്പത്തില്‍ പ്രയോജനകരമാക്കാന്‍ വേണ്ടിയാണ് വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിരിക്കുന്നത്.

വി.കെ. പ്രശാന്ത് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സംവിധായര്‍ക്കും സോഫ്റ്റുവെയര്‍ ഡെവലപ്പേഴ്‌സിനുമുള്ള ഉപഹാരങ്ങള്‍ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ നല്‍കി. വനിത വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സലീഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.ഡി. വി.സി. ബിന്ദു സ്വാഗതം ആശംസിച്ചു. സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരി, വനിത വികസന കോര്‍പറേഷന്‍ മാനേജര്‍ എസ്. ആശ എന്നിവര്‍ പങ്കെടുത്തു.