വര്‍ക്കല രംഗകലാ കേന്ദ്രം മുഖ്യമന്ത്രി നാടിനു സര്‍പ്പിച്ചു

13,000 ചതുരശ്ര അടിയില്‍ 10 കോടി ചെലവഴിച്ച് നിര്‍മാണം

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കലാകേന്ദ്രമെന്ന് മുഖ്യമന്ത്രി

വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള വര്‍ക്കല ഗസ്റ്റ് ഹൗസ് വളപ്പില്‍ 10 കോടി ചെലവഴിച്ച് 13,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച വര്‍ക്കല രംഗകലാ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. വരും കാലങ്ങളില്‍ വര്‍ക്കലയുടെ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ രംഗകലാകേന്ദ്രത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രംഗകലാ കേന്ദ്രത്തെ ലോകത്തെതന്നെ ഏറ്റവും മികച്ച സംസ്‌കാരിക കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നേരിട്ടും അല്ലാതെയും നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കാനും ഈ കേന്ദ്രം സഹായകമാകും. ഇത്തരത്തില്‍ ഒരു കലാകേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്തു നിര്‍മിക്കുന്നത് രാജ്യത്തു തന്നെ ആദ്യമായാണെന്നും പാരമ്പര്യ കലകള്‍ വിദേശികള്‍ക്ക് മുന്‍പില്‍ മാത്രം പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന ചിന്ത മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ വി. ജോയി എം.എല്‍.എ അധ്യക്ഷനായിരുന്നു. വിവിധ പാരമ്പര്യ-തനത് കലകള്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള വിദ്യാഭ്യാസകേന്ദ്രമായി രംഗകലാകേന്ദ്രം മാറുമെന്ന് എം. എല്‍. എ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും മികച്ച കലാസാംസ്‌കാരിക കേന്ദ്രം നിര്‍മിക്കാന്‍ സര്‍ക്കാരിനു സാധിച്ചത് ഏറെ അഭിനന്ദനീയമാണെന്ന് വര്‍ക്കല രംഗകലാകേന്ദ്രം മുഖ്യ ഉപദേഷ്ടാവ് പത്മവിഭുഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

വര്‍ക്കലയുടെ സമഗ്രവികസനത്തിനായി  മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ച വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (വിവിഡ്) നേതൃത്വത്തിലാണ് രംഗകലാകേന്ദ്രം നിര്‍മിച്ചത്. കേരളീയ നാടന്‍ കലകളുടെയും ആയോധന കലകളുടെയും സംസ്‌കാരത്തിനും പൈതൃകത്തിനും തനത് ടൂറിസത്തിനും ലോകമെമ്പാടും പ്രചാരം നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
കൂത്തമ്പല മാതൃകയിലുള്ള പെര്‍ഫോമന്‍സ് ഹാള്‍, കളരിത്തറ,  പരമ്പരാഗത ശൈലിയിലുള്ള ആനപള്ള മതില്‍, താമരക്കുളം, ആംഫി തിയറ്റര്‍, ഫെസിലേറ്റഷന്‍, സ്വിമിഗ് പൂള്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ കലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്പര്യ- ആധുനിക കലാരൂപങ്ങള്‍ തമ്മിലുള്ള താരതമ്യപഠനങ്ങള്‍ എന്നിവയ്ക്കും ഇവിടെ അവസരമുണ്ട് . പാരമ്പര്യ കലകളെല്ലാം അവതരിപ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കേരളീയ വാസ്തു രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൂടാതെ രംഗകലാകേന്ദ്രത്തിന് ദൃശ്യചാരുതയേകാന്‍ 2,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ചുവര്‍ചിത്രവും ഇവിടെ വരച്ചിട്ടുണ്ട്. 

വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി, വൈസ് ചെയര്‍പേഴ്സണ്‍ കുമാരി സുദര്‍ശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗീത നസിര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി. രാമചന്ദ്രന്‍ പോറ്റി, സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് ചീഫ് ഡോ. വി. സന്തോഷ്, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.