വികസന ഫോട്ടോ എക്സിബിഷൻ ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

ഐ, പി.ആർ.ഡി സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്സിബിഷൻ ജില്ലാതല ഉദ്ഘാടനം ഇന്ന് ജനുവരി: 27 വൈകുന്നേരം 5 ന് മ്യൂസിയം റേഡിയോ പാർക്കിൽ .ബഹു: ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബഹു: എം.എൽ.എ ശ്രീ.വി.കെ.പ്രശാന്ത് , ബഹു:മേയർ കുമാരി ആര്യ രാജേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

പി.ആർ.ഡിയുടെ വികസന ഫോട്ടോ എക്സിബിഷന് തുടക്കം

**ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
**വികസനത്തിന്റെ നേര്‍ക്കാഴ്ചയെന്ന് മന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ തിരുവനന്തപുരം ജില്ലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ സമഗ്ര ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്സിബിഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി എണ്ണിപ്പറയുന്ന ഫോട്ടോ എക്‌സിബിഷനാണ് മ്യൂസിയം റേഡിയോ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ രംഗം, നാലു മിഷനുകള്‍, ടൂറിസം വികസനം, കൃഷി, വ്യവസായം എന്നീ രംഗങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം ഫോട്ടോ എക്‌സിബിഷനിലൂടെ കാണാന്‍ കഴിയും. തുടര്‍ച്ചയായി വന്ന പ്രളയം, നിപ, കോവിഡ് ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ വികസന രംഗത്ത് മാതൃക സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലായിരുന്നിട്ടു പോലും മികച്ച പ്രതിരോധത്തിലൂടെ കോവിഡിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് കേരളത്തിന് ഏറെ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

സാംസ്‌കാരികമായും പൈതൃകമായും ഏറെ പ്രത്യേകതകളുള്ള തിരുവനന്തപുരം ജില്ലയുടെ സമഗ്ര വികസനം ഫോട്ടോ എക്‌സിബിഷനില്‍ പ്രതിഫലിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച് വി.കെ പ്രശാന്ത് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജില്ലയുടെ ടൂറിസം രംഗത്ത്് വികസനത്തിന്റെ പെരുമഴക്കാലമായിരുന്നു. തലസ്ഥാന ജനതയുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ സാക്ഷാത്കരിച്ചതായും എം.എല്‍.എ പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് എഡിറ്റര്‍ എ.സി ജിപ്‌സണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെയും മ്യൂസിയത്തിലെയും ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.

ജനുവരി 30 വരെയാണ് എക്സിബിഷൻ. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെ ചിത്രങ്ങൾ കാണാം. പ്രവേശനം സൗജന്യമാണ്.