വിതുര സ്കൂളിനും സ്റ്റേഷനും സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രം

വിതുര: കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർത്ത വിതുര സ്കൂളിനും വിതുര ജനമൈത്രി പോലീസ് സ്റ്റേഷനും സംസ്ഥാന പോലീസ് മേധാവി ശ്രീ.ലോക് നാഥ് ബഹറയുടെ പ്രശംസ.മികച്ച സേവനത്തിന് സംസ്ഥാനത്തെ ഒരു സ്കൂളും സ്റ്റേഷനും ഒരുമിച്ച് തിരഞ്ഞെടുക്കപ്പെട്ടതും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അവാർഡ് ലഭിച്ചതും വിതുരക്കാർക്ക് ഇരട്ടി സന്തോഷമായി. സംസ്ഥാന പോലീസ് മേധാവി , ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ.പി.വിജയൻ IPS എന്നിവരുടെ പ്രശസ്തി പത്രം പതിനൊന്ന് പേർക്കാണ് ലഭിച്ചത്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ.ടീകാ റാം മീണ ।AS , ഐ.ജി.ശ്രീ.പി .വിജയൻ IPS എന്നിവർ ചേർന്നാണ് ഡി.ജി.പിയുടെ പ്രശംസാ പത്രം നൽകിയത്.

കോവിഡ് കാലത്ത് വിതുര ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും വിതുര സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കെഡറ്റ് പദ്ധതിയുടെയും അധ്യാപകരുടെയും ഒരുമിച്ചുള്ള പ്രവർത്തനം സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ആദിവാസി സെറ്റിൽമെൻ്റുകളും തോട്ടം തൊഴിലാളികളുമുള്ള വിതുര പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭക്ഷണം എത്തിച്ചും പച്ചക്കറി കിറ്റുകളും അവശ്യ വസ്തുക്കളും എത്തിച്ചു നൽകിയും മികച്ച പ്രവർത്തനമാണ് സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കെഡറ്റുകൾ നടത്തിയത്.

ഇതിനു പുറമെ വിതുര ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരും സ്റ്റുഡൻറ് പോലീസ് കെഡറ്റ് പദ്ധതിയും ചേർന്ന് വിതുര കല്ലു പാറ സെറ്റിൽമെൻ്റിലെ കുട്ടികൾക്ക് പഠിക്കാനായി കോവിഡ് പള്ളിക്കൂടം സജ്ജീകരിച്ചതും മികച്ച മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു. വിതുരയിൽ നിന്നും ഒറ്റപ്പെട്ട്, വാഹന സൗകര്യം പോലും ലഭ്യമല്ലാത്ത കല്ലുപാറയിൽ മാതൃകാപരമായ പ്രവർത്തനമാണ് വലിയ പോലീസും കുട്ടിപ്പോലീസും ചേർന്ന് നടത്തിയത്.വൃദ്ധ സദനങ്ങൾ, രോഗികൾ തുടങ്ങിയവർക്കും കോവിഡ് കാലത്ത് കുട്ടിപ്പോലീസുകാർ പ്രത്യേക കരുതൽ നൽകിയിരുന്നു.

വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ.സുധീഷ്,പി.റ്റി.എ പ്രസിഡൻ്റ് എ.സുരേന്ദ്രൻ , എസ്.എം.സി.ചെയർമാൻ ശ്രീ .വിനീഷ് കുമാർ കെ, അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ ശ്രീ.കെ.അൻവർ, സീനിയർ സ്റ്റുഡൻ്റ് പോലീസ് കെഡറ്റുകളായ ഭദ്ര വിനോജ്, മാളവിക എസ്.എം, ദിയ നായർ, അഭിജിത്ത് എ, വൈഷ്ണവ് എസ് എന്നിവർക്കാണ് വ്യക്തിഗത അവാർഡുകൾ.