വിറ്റുവരവില്‍ 100 കോടി കടന്ന് കെ.എസ്.ഡി.പി.

തിരുവനന്തപുരം: 100 കോടി രൂപയുടെ വിറ്റുവരവ് നേടി സംസ്ഥാന പൊതുമേഖലാ മരുന്ന് നിര്‍മ്മാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്(കെ.എസ്.ഡി.പി.). 1974 മുതല്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനം ആദ്യമായാണ് വിറ്റുവരവില്‍ 100 കോടി ക്ലബില്‍ എത്തുന്നത്. 2016 ല്‍ 26 കോടി രൂപ വിറ്റുവരവ് നേടിയ സ്ഥാനത്താണ് 2020 ലെ ഈ അഭിമാന നേട്ടം.ഡിസംബര്‍ രണ്ടിനാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

കൊവിഡ് പ്രതിരോധത്തില്‍ മികച്ച പിന്തുണ നല്‍കിയ സ്ഥാപനം അധുനികവത്ക്കരണത്തിലൂടെയാണ് നേട്ടം സ്വന്തമാക്കിയത്.  നൂതന സാങ്കേതിക വിദ്യ അവലംബിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള മരുന്നാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. 2011 ല്‍ ബീറ്റാ ലാക്ടം പ്ലാന്റിന്റെയും 2017 ല്‍ ബീറ്റാലാക്ടം ഡ്രൈപൗഡര്‍ ഇന്‍ജക്ഷന്‍ പ്ലാന്റിന്റെയും പ്രവര്‍ത്തനം തുടങ്ങിയത് സ്ഥാപനത്തിന് സഹായകമായി.  2019 ല്‍ നോണ്‍ ബാറ്റാലാക്ടം പ്ലാന്റ് ഉദ്ഘാടനം ചെയ്തു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ രോഗികള്‍ക്കായുള്ള മരുന്നുകളും അവസാനഘട്ട പരീക്ഷണത്തിലാണ്. ഈ മരുന്നുകളുടെ ബയോഇക്വിലന്‍സി സ്റ്റഡീസ് ആരംഭിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.