വോട്ടര്‍പട്ടിക: ആക്ഷേപങ്ങളും പരാതികളും ഡിസംബര്‍ 31 വരെ അറിയിക്കാം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയെക്കുറിച്ച് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കരട് പട്ടികയിലുള്ള അവകാശങ്ങള്‍/എതിര്‍പ്പുകള്‍ എന്നിവ വോട്ടര്‍മാര്‍ക്ക് ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. നിലവില്‍ 2,63,00,000 ഓളം പേരാണ് നിലവില്‍ കരട് വോട്ടര്‍പട്ടികയിലുള്ളത്. ഇത് 2,69,00,000 ഓളം ആക്കുകയാണ് ലക്ഷ്യം. 2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, നിലവിലുള്ള വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
പ്രായപൂര്‍ത്തിയായ ആരും വോട്ടര്‍പട്ടികയില്‍നിന്ന് വിട്ടുപോകാതിരിക്കാന്‍ 31 വരെ സമഗ്രമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഇതിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉപയോഗപ്പെടുത്തും. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മുഖേന ഇതിനായി പ്രത്യേക പത്രക്കുറിപ്പുകള്‍, പോസ്റ്ററുകള്‍, ഹ്രസ്വ വീഡിയോകള്‍, ഗവ. വെബ്‌സൈറ്റുകളില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ലിങ്ക് ഉള്‍പ്പെടുത്തല്‍, റേഡിയോ പ്രചാരണം തുടങ്ങിയ ഇക്കാലയളവില്‍ നടത്തും. കരട് പട്ടികയില്‍ പേര് ഉണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ഇതുവരെ ചേര്‍ക്കാത്തവര്‍ ഈ അവസരം ഉപയോഗപ്പെടുത്തി ജനാധിപത്യസംവിധാനത്തിന്റെ ഭാഗമാകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.