വോട്ടിങ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിങ് നാലിന്

തദ്ദേശ തെരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നവും ക്രമീകരിക്കുന്ന കാൻഡിഡേറ്റ് സെറ്റിങ് ഡിസംബർ നാലിനു നടക്കും. വരണാധികാരികളുടെ ഓഫിസുകളിൽ സ്ഥാനാർഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തിലാണു കാൻഡിഡേറ്റ് സെറ്റിങ് നടക്കുന്നത്. ഇതിനായി വോട്ടിങ് മെഷീനുകൾ നാളെയും മറ്റന്നാളുമായി (ഡിസംബർ 02, 03) അതത് റിട്ടേണിങ് ഓഫിസർമാർക്കു വിതരണം ചെയ്യും. 
ത്രിതല പഞ്ചായത്തുകളിൽ ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ വെള്ളയും ബ്ലോക്ക് പഞ്ചായത്തിൽ പിങ്കും ജില്ലാ പഞ്ചായത്തിൽ ഇളം നീലയും നിറത്തിലുള്ള ബാലറ്റ് ലേബലുകളാണു പതിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15-ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമത് ഒരു ബാലറ്റ് യൂണിറ്റ് കൂടി ഉപയോഗിക്കും. കാൻഡിഡേറ്റ് സെറ്റിങ്ങിനു ശേഷം കുറച്ചു മെഷീനുകളിൽ മോക് പോൾ ചെയ്യും. ഇതിന്റെ ഫലം സ്ഥാനാർഥികളെ കാണിച്ചു പ്രാഥമിക പരിശോധന പൂർത്തിയാക്കി പിങ്ക് പേപ്പർ സീൽ ചുറ്റും.
കോവിഡിന്റെ പശ്ചാത്തലത്തിൽ കാൻഡിഡേറ്റ് സെറ്റിങ്ങിനും കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത ഖോസ പറഞ്ഞു. സ്ഥലസൗകര്യമുള്ളതും വായൂ സഞ്ചാരമുള്ളതുമായ ഹാളുകളാണ് കാൻഡിഡേറ്റ് സെറ്റിങ്ങിന് ഒരുക്കേണ്ടത്. ഈ ഹാളുകൾ ഡിസംബർ മൂന്നിന് അണുവിമുക്തമാക്കണം. ഒരു സ്ഥാനാർഥിക്ക് ഒരാൾ എന്ന നിലയിലാകും ഹാളിലേക്ക് പ്രവേശനം അനുവദിക്കുക. പരമാവധി 30 പേരെ മാത്രമേ ഹാളിൽ അനുവദിക്കൂ. സാമൂഹിക അകലം നിർബന്ധമാണെന്നും കളക്ടർ പറഞ്ഞു.
കാൻഡിഡേറ്റ് സെറ്റിങ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വരണാധികാരികളുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ട്രോങ് റൂമുകളിലേക്കു മാറ്റും. ഇവിടെനിന്നാകും പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. ഡിസംബർ ഏഴിനാണ് ജില്ലയിൽ ഇ.വി.എമ്മുകളുടേയും പോളിങ് സാമഗ്രികളുടേയും വിതരണം.