ശാസ്താംപാറ ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ശാസ്താംപാറയിൽ ടൂറിസം വകുപ്പ് നടപ്പിലാക്കിയ ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ  ചെയ്തു. ശാസ്താംപാറ ഉൾപ്പെടെ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 25 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 60 കോടി രൂപയോളം ചെലവിൽ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. വിവിധ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾ കൃത്യമായി മനസിലാക്കിയുള്ള  പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും  വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി ഇവ  മാറുമെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. 
ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിനോദ സഞ്ചാര മേഖലയിലുള്ള വികസനം പ്രാദേശിക ജനവിഭാഗങ്ങൾക്ക് പ്രത്യേക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ശാസ്താംപാറയിൽ എത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വം മുൻനിർത്തി പാറയ്ക്ക് ചുറ്റും ഫെൻസിങ്, സഞ്ചാരികളിൽ കൗതുകം ഉണർത്തുന്ന എൻട്രൻസ് ഗേറ്റ്, പടിക്കെട്ടുകൾ, വാട്ടർ സപ്ലൈ, ഇലക്ട്രിക് കണക്ഷൻ, കോഫി ഷോപ്പ്, കുട്ടികൾക്കുള്ള പാർക്ക്‌, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ടോയ്ലറ്റ് കോംപ്ലക്സ് തുടങ്ങിയ സൗകര്യങ്ങളാണ് ശാസ്താംപാറയിൽ ഒരുക്കിയിട്ടുള്ളത്. 
ഐ. ബി സതീഷ് എം. എൽ. എ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പദ്ധതിയുടെ ശിലാഫലകം അദ്ദേഹം അനാച്ഛാദനം  ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഡി. ഷാജി,  ബ്ലോക്ക്‌ – ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികൾ, ടൂറിസം ഡയറക്ടർ പി. ബാല കിരൺ, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.