സംസ്ഥാന വ്യാപകമായി മെഡിക്കൽ അദ്ധ്യാപകർ ‘ഒരു ദിവസം നിരാഹാരം’ ആരംഭിച്ചു

തിരുവനന്തപുരം:
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ ശമ്പളപരിഷ്കരണ ഉത്തരവും അലവൻസ് പരിഷ്ക്കരണവും മറ്റു ആവശ്യങ്ങളും ഉടൻ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഇന്ന് (05.02.2021) സംസ്ഥാന വ്യാപകമായി എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും അദ്ധ്യാപകർ നടത്തുന്ന സഹനസമരത്തിന്റെ ഭാഗമായ ‘ഒരു ദിവസം നിരാഹാരം’ രാവിലെ 8 മണിക്ക് ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംസ്ഥാന അധ്യക്ഷൻ ഡോ. ബിനോയ് എസ് നിരാഹാര സമരം ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ പ്രസംഗിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും അദ്ധ്യാപകർ ഇതേ ആവശ്യം ഉന്നയിച്ചു ഇന്നു നിരാഹാര സമരം അനുഷ്ഠിക്കുകയാണ്.

ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ആണ് സഹനസമരങ്ങളിലൂടെ ഈ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ സംഘടന ശ്രമിക്കുന്നത്.
എന്നാൽ ഇനിയും ഈ പ്രതിഷേധം സർക്കാർ കണ്ടില്ലെന്നു നടിക്കുകയും സമരം അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ഫെബ്രുവരി 9 മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരത്തിൽ ഏർപ്പെടാൻ സംഘടന നിർബന്ധിതമാകുമെന്ന് കെജിഎംസിടിഎ നേതൃത്വം അറിയിച്ചു.

അവശ്യ-അത്യാഹിത-കോവിഡ് ചികിത്സ ഒഴികെയുള്ള മറ്റെല്ലാ സേവനങ്ങളും നിർത്തിവെച്ചുകൊണ്ടുള്ള ആ സമരംകൊണ്ട് പൊതുജനങ്ങൾക്കുണ്ടായേക്കാവുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനു മാത്രം ആയിരിക്കുമെന്നും സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകരേ സമരത്തിന്റെ പാതയിലേക്ക് വലിച്ചിഴക്കാതിരിക്കാൻ വേണ്ടിയുള്ള നടപടികൾക്ക് സർക്കാർ ഉടൻ തയാറാകണമെന്നു സംഘടന ആവശ്യപ്പെട്ടു. സേവന-വേതന രംഗത്തെ അപാകതകൾ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് കുറച്ചു ദിവസങ്ങളായി കെജിഎംസിറ്റിഎ സംസ്ഥാനവ്യാപകമായി പ്രതിഷേധ സമരത്തിലാണ്.
ആ സമരത്തിന്റെ ഭാഗമായി കെജിഎംസിറ്റിഎ ജനുവരി 29 നു എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും അവശ്യ-അത്യാഹിത-കോവിഡ് ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും അധ്യയനവും മൂന്നു മണിക്കൂർ ബഹിഷ്കരിച്ചുകൊണ്ട് സൂചനാസമരം നടത്തിയിരുന്നു.

അന്നുമുതൽ എല്ലാദിവസവും അധ്യയനവും ഔദ്യോഗിക യോഗങ്ങളും പൂർണ്ണമായും ബഹിഷ്കരിച്ചുകൊണ്ടുള്ള സമരം തുടർന്നുവരികയുമാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസ്സുകളും, പ്രവർത്തിപരിചയവും കോളേജ്-അധിഷ്ഠിത പരീക്ഷകളും അതിന്റെ തുടർച്ചയായി മുടങ്ങിയിരിക്കുകയാണ്. കൂടുതൽ കടുത്ത സമരത്തിലേക്ക് ഡോക്ടർമാരെ തള്ളി വിടരുത് എന്നും പൊതു ജനാരോഗ്യം മുൻനിർത്തി ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം എന്നും കെജിഎംസിടിഎ ഭാരവാഹികൾ പത്രപ്രസ്താവനയിൽ ആവശ്യപ്പെട്ടു.