സാന്ത്വന സ്പര്‍ശം അദാലത്തിനു തിരുവനന്തപുരത്ത് തുടക്കമായി

പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ പരിഹാരം കാണുന്നതിനായി സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിനു തിരുവനന്തപുരത്ത് തുടക്കമായി.  തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികളാണ് എസ്.എം.വി. സ്‌കൂളില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കുന്നത്. സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവരും പരാതികള്‍ നേരിട്ടുകേട്ടു പരിഹരിക്കുന്നതിനായി അദാലത്തില്‍ പങ്കെടുക്കുന്നുണ്ട്.
അക്ഷയ സെന്ററുകളിലൂടെയും ഓണ്‍ലൈനായും ലഭിച്ച 3,319 പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഇതില്‍ 1,923 പരാതികള്‍ തിരുവനന്തപുരം താലൂക്കിലേയും 1,396 പരാതികള്‍ നെടുമങ്ങാട് താലൂക്കിലേയുമാണ്.  ഇതിനോടകം നടപടി പൂര്‍ത്തിയാക്കിയ പരാതികള്‍ രാവിലെ മുതല്‍ വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍ മുഖേന അപേക്ഷകര്‍ക്കു നല്‍കുന്നുണ്ട്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷകളടക്കം മന്ത്രിമാര്‍ തീരുമാനമെടുക്കേണ്ടവയില്‍ അപേക്ഷകരെ മന്ത്രിമാര്‍ പ്രത്യേകം കേട്ടു പരിഹാരംകാണുകയുമാണു ചെയ്യുന്നത്.
പൂര്‍ണമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍കൂട്ടി അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്ക് പുതുതായി അപേക്ഷ നല്‍കുന്നതിനും അവസരമുണ്ട്.  ഇതിനായി 10 പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പുതുതായി ലഭിക്കുന്ന അപേക്ഷകളില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുത്ത് അപേക്ഷകനെ നേരിട്ട് അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
എം.എല്‍.എമാരായ സി. ദിവാകരന്‍, ഡി.കെ. മുരളി, വി.കെ. പ്രശാന്ത് എന്നിവരും അദാലത്ത് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.