സാന്ത്വന സ്പർശം അദാലത്ത് ഇന്ന് (09 ഫെബ്രുവരി) ആറ്റിങ്ങലിൽ

സാന്ത്വന സ്പർശം അദാലത്ത് ഇന്ന് ആറ്റിങ്ങലിൽ നടക്കും. ചിറയിൻകീഴ്, വർക്കല താലൂക്കുകൾക്കായി ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് അദാലത്ത് നടത്തുന്നത്. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.

രാവിലെ ഒമ്പതു മുതൽ 12.30 വരെ വർക്കല താലൂക്കിലേയും രണ്ടു മുതൽ 5.30 വരെ ചിറയിൻകീഴ് താലൂക്കിലേയും പരാതികളാണു പരിഗണിക്കുന്നത്. വർക്കല താലൂക്കിൽ 604ഉം ചിറയിൻകഴ് താലൂക്കിൽ 913ഉം അപേക്ഷകളാണ് അക്ഷയ സെന്റർ മുഖേനയും ഓൺലൈനായി നേരിട്ടും ലഭിച്ചിട്ടുള്ളത്.

കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ആറ്റിങ്ങലിലും അദാലത്ത് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ എത്തുന്ന മുഴുവൻ ആളുകളെയും വേദിയുടെ പ്രധാന കവാടത്തിൽ ശരീര ഊഷ്മാവ് പരിശോധിച്ചാകും കടത്തിവിടുക. കൈകൾ സാനിറ്റൈസ് ചെയ്യും. അക്ഷയ സെന്ററുകളിലൂടെ അപേക്ഷ നൽകിയിട്ടുള്ളവർ തങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട വകുപ്പിന്റെ സ്റ്റാളിലേക്കാണു ചെല്ലേണ്ടത്. അവിടെ ഡോക്കറ്റ് നമ്പർ പറഞ്ഞാൽ അപേക്ഷയുടെ തീർപ്പുമായി ബന്ധപ്പെട്ട രേഖ നൽകും. മന്ത്രിതലത്തിൽ തീർപ്പാക്കേണ്ട പരാതികൾ ഉണ്ടെങ്കിൽ അത്തരം പരാതിക്കാരെ പ്രത്യേക ടോക്കൺ നൽകി മന്ത്രിമാർ ഇരിക്കുന്ന ഭാഗത്തേക്കു പോകാൻ അനുവദിക്കും. അദാലത്തിൽ പങ്കെടുക്കാനെത്തുന്നവർ അക്ഷയ സെന്ററിൽനിന്നുള്ള ഡോക്കറ്റ് നമ്പർ നിർബന്ധമായും കൈയിൽ കരുതണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

** കർശന കോവിഡ് പ്രോട്ടോക്കോൾ
** പരാതികൾ നേരിട്ടും നൽകാം

പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും അതിവേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിന് ആറ്റിങ്ങലിൽ തുടക്കമായി. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ പരാതികൾ പരിശോധിക്കുന്നതിനായാണ് ആറ്റിങ്ങൽ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അദാലത്ത് നടക്കുന്നത്. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ സാന്ത്വന സ്പർശം അദാലത്താണ് ആറ്റിങ്ങലിലേത്.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാർ ചേർന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തു. അദാലത്ത് മുഖേന നൽകുന്ന പട്ടയങ്ങളുടേയും റേഷൻ കാർഡുകളുടേയും വിതരണോദ്ഘാടനവും മന്ത്രിമാർ ചടങ്ങിൽ നിർവഹിച്ചു.

രാവിലെ ഒമ്പതു മുതൽ 12.30 വരെ വർക്കല താലൂക്കിലെ പരാതികളാണ് പരിഗണിക്കുന്നത്. അക്ഷയ സെന്റർ മുഖേനയും ഓൺലൈനായി നേരിട്ടും 604 പരാതികളാണ് വർക്കല താലൂക്കിൽ ലഭിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 5.30 വരെ ചിറയിൻകീഴ് താലൂക്കിലെ പരാതികൾ പരിശോധിക്കും. 913 പരാതികളാണ് ചിറയിൻകീഴ് താലൂക്കിലുള്ളത്. മുൻകൂട്ടി ലഭിച്ച പരാതികളിൽ ഭൂരിഭാഗവും തീർപ്പാക്കിയിട്ടുണ്ട്. ഇവ അപേക്ഷകന് വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ വഴി നേരിട്ടു നൽകുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളടക്കം മന്ത്രിമാർ തീർപ്പാക്കേണ്ടവയിൽ പ്രത്യേക ടോക്കൺ നൽകി മന്ത്രിമാരുടെ അടുത്തേയ്ക്ക് അയക്കും.

കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അദാലത്ത് നടക്കുന്നത്. സാമൂഹിക അകലമടക്കം കൃത്യമായി പാലിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തിരക്കുണ്ടാക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പരാതികളുടെ സ്വഭാവമനുസരിച്ച് അതതു വകുപ്പുകളുടെ സ്റ്റാളിൽ ഡോക്കറ്റ് നമ്പർ നൽകി പരാതികളുടെ തീർപ്പ് സംബന്ധിച്ച മറുപടി കൈപ്പറ്റാവുന്നതാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

എം.എൽ.എമാരായ വി. ജോയി, ബി. സത്യൻ, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്‌സൺ എസ്. കുമാരി, ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.