സാന്ത്വന സ്പർശം പ്രതിസന്ധിയിലായവർക്കുള്ള സർക്കാരിന്റെ കൈത്താങ്ങ് : ധനമന്ത്രി

പ്രതിസന്ധിക്കാലത്തു ജനങ്ങൾക്കു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തിലാണു ജില്ലകൾതോറും സംസ്ഥാന സർക്കാർ സാന്ത്വനസ്പർശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മഹാമാരിയും പ്രളയവും ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി സർക്കാരിനെ ബാധിച്ചിട്ടുണ്ടെങ്കിലും കഴിയാവുന്ന എല്ലാ സഹായവും പൊതുജനങ്ങൾക്ക് അദാലത്തുവഴി നൽകുമെന്നും ധനമന്ത്രി പറഞ്ഞു. നെയ്യാറ്റിൻകരയിൽ സാന്ത്വന സ്പർശം അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയവും മഹാമാരിയും ജനങ്ങളുടെ സാധാരണ ജീവിതത്തെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്. പലർക്കും തൊഴിലും വരുമാനവുമില്ലാത്ത സാഹചര്യമുണ്ടായി. ഈ പ്രതിസന്ധികൾക്കിടയിലും കേരളത്തിൽ ഒരാൾപോലും പട്ടിണികിടക്കാൻ പാടില്ലെന്ന നിശ്ചയദാർഢ്യം സർക്കാരിനുണ്ടായിരുന്നു. അത് യാഥാർഥ്യമാക്കാൻ കഴിഞ്ഞു.

കോവിഡ് മഹാമാരിയെ നേരിടുന്നതിലും കേരളം മികവുകാട്ടി. എല്ലാവർക്കും മികച്ച ചികിത്സ കിട്ടണമെന്ന ദൃഢനിശ്ചയമായിരുന്നു ഇതിനു പിന്നിലും. കോവിഡിനെ പ്രതിരോധിക്കുന്നതിൽ സർക്കാരിനൊപ്പം പൊതുജനങ്ങളും ഒന്നിച്ചുനിന്നു. മാസ്‌ക് ധരിക്കുന്നതിൽപ്പോലും നാം മാതൃകയായി. ഇതിന്റെ ഫലമായി കോവിഡ് മൂലമുള്ള മരണ നിരക്കും രോഗവ്യാപന നിരക്കും രാജ്യ ശരാശരിയേക്കാൾ കുറച്ചു നിർത്താൻ നമുക്കായെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.