ഹാക്ക്പി – കേരള പൊലീസ് ഓൺലൈൻ ഹാക്കത്തോൺ – രജിസ്ട്രെഷൻ ആരംഭിച്ചു

തിരുവനന്തപുരം; ഡാർക്ക് വെബിലെ നിഗൂഢതകൾ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ  കേരള പൊലീസ് നടത്തുന്ന  ഓൺലൈൻ ഹാക്കത്തോൺ ഹാക്ക്പി രജിസ്ട്രെഷൻ ആരംഭിച്ചു. സ്റ്റേറ്റ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ, മനോജ് എബ്രഹാം ഐപിഎസിന്റെ  (എഡിജിപി ഹെഡ് ക്വാർട്ടേഴ്സ് നോഡൽ ഓഫീസർ സൈബർ ഡോം)  സാന്നിധ്യത്തിൽ, ഹാക്ക്പി വെബ്‌സൈറ്റ് പുറത്തിറക്കി,  രജിസ്ട്രേഷൻ ഫ്ളാഗ്ഓഫ് ചെയ്തു.

ടെക്കികൾക്കും, ഇൻഫർമേഷൻ ടെക്നോളജി പ്രേമികൾക്കും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒത്തുചേരാന്നതിനും, ഫലപ്രദമായ രീതിയിലൂടെ  ക്രമസമാധാന പരിപാലനം, സിവിൽ സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കായുള്ള ഇൻഫർമേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നി  ലക്ഷ്യത്തോടെയാണ് കേരള പോലീസ് അഞ്ചാം പതിപ്പ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. “ഡിമിസ്റ്റിഫയിങ് ദി ഡാർക്ക് വെബ്” എന്ന തീം ആണ് ഇത്തവണ അവതരിപ്പിക്കുന്നത്.  
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരൊറ്റ ആപ്ലിക്കേഷൻ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ കമ്മ്യൂണിറ്റി അധിഷ്ഠിത സംരംഭമായാണ് ഇത്തവണ ഹാക്ക്പി നടത്തുക. അറിവ്, വിഭവങ്ങൾ, അവസരങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് അവരെ സജ്ജരാക്കുന്നതിന് മതിയായ നിർദ്ദേശങ്ങളും പിന്തുണയും ഹാക്ക്പിയുടെ വിദഗ്ധ ഉപദേശകർ നൽകും.

മികച്ച സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിജയികൾക്കും മികച്ച പ്രകടനം നടത്തുന്നവർക്കും ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിക്കും.

ഏറ്റവും മികച്ച ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കുന്നതിലേക്കായി ലോകമെമ്പാടുമുള്ള സാങ്കേതിക സമൂഹത്തെ കേരള പോലീസ് ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 10.04.2021 വരെ. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: https://hackp.kerala.gov.in/ സന്ദർശിക്കുക.