കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

തിരു: പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വാങ്ങുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. ഇന്നലെ ക്ലബിനു മുന്നിൽ നൂറുകണക്കിനാളുകൾ ഭക്ഷണത്തിനെത്തി. വിദൂരസ്ഥലങ്ങളിൽ നിന്നു പോലും കുടുംബാംഗങ്ങൾക്ക് നാലും അഞ്ചും എന്ന കണക്കിന് ഭക്ഷണം വാങ്ങാൻ ആളെത്തുന്നു. നഗരത്തിലെ സെക്യൂരിറ്റി ജീവനക്കാർ കൂട്ടമായി എത്തി. സെക്രട്ടേറിയറ്റ്, പൊലീസ്, ഫയർഫോഴ്സ്, KSEB, KSRTC, ഫോറസ്റ്റ് വിഭാഗങ്ങളിൽ നിന്നും ജീവനക്കാർ വരുന്നുണ്ട്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാർത്ഥികളും എത്തി. നഗരസഭാ വാർഡുകളിലേക്ക് പതിനേഴു കൗൺസിലർമാർക്ക് ഭക്ഷണം നൽകി. കൗൺസിലർമാർ ക്വാറന്റിനിലുള്ളവരുടെ വീടുകളിലാണ് ഭക്ഷണം എത്തിക്കുന്നത്. മാദ്ധ്യമപ്രവർത്തകരായ ഇരുനൂറ്റമ്പതോളം പേർക്ക് ഭക്ഷണം നൽകി. നഗരത്തിൽ മഴക്കെടുതി കാരണം ദുരിതത്തിലായ ചില പ്രദേശങ്ങളിലും ഭക്ഷണം എത്തിച്ചു. കൂടാതെ ശ്രീകണ്ഠേശ്വരം, പഴവങ്ങാടി, കിഴക്കേകോട്ട, തമ്പാനൂർ എന്നിവിടങ്ങളിൽ നൂറുകണക്കിനാളുകൾക്ക് ഭക്ഷണവും കുപ്പിവെള്ളവും എത്തിച്ചു നൽകി. പ്രസ് ക്ലബ് പ്രസിഡൻ്റ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

7 Views