അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ 48 മണിക്കൂർ സ്‌പെഷ്യൽ ഡ്രൈവ്

ജില്ലയിൽ നിയമം ലഘിച്ചു സ്ഥാപിച്ചിരിക്കുന്ന മുഴുവൻ ബോർഡുകളും 48 മണിക്കൂറിനകം നീക്കം ചെയ്യുന്നതിനുള്ള സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിലാണു സ്‌പെഷ്യൽ ഡ്രൈവ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചവയിൽ നിയമം ലംഘിച്ചിട്ടുള്ളവ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും തിരഞ്ഞെടുപ്പു പ്രചാരണേതര ബോർഡുകളിൽ നിയമം ലംഘിച്ചു സ്ഥാപിച്ചവ അതതു തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുമാണു നീക്കം ചെയ്യുക. പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരിക്കുന്ന നിബന്ധനകൾ ജില്ലയിൽ കർശനമായി നടപ്പാക്കുമെന്നും കളക്ടർ അറിയിച്ചു.
വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും പൊതുജനങ്ങൾക്കും മാർഗതടസമുണ്ടാക്കുന്ന ബോർഡുകൾ, വാഹനങ്ങളുടെ സുഗമ സഞ്ചാരത്തിനു തടസമാകുന്ന ബോർഡുകൾ, നടപ്പാതകൾ, റോഡുകളുടെ വളവുകൾ എന്നിവിടങ്ങളിലും പാലങ്ങൾ, റോഡുകൾ എന്നിവയ്ക്കു കുറുകേയും സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ തുടങ്ങിയവ നീക്കം ചെയ്യും. പൊതുജനങ്ങളുടേയോ വാഹനങ്ങളുടേയോ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുന്ന വിധത്തിൽ വാഹനങ്ങളിൽ തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കാൻ പാടില്ലെന്നു കളക്ടർ വ്യക്തമാക്കി.
ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ മൊബൈൽ ടവറുകളിലോ ടെലഫോൺ പോസ്റ്റുകളിലോ തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കാനോ പതിക്കാനോ വരയ്ക്കാനോ പാടില്ല. പരിസ്ഥിതി സൗഹൃദ വസ്തുക്കളിൽ നിർമിച്ച പ്രചാരണോപാധികൾ മാത്രമേ പാടുള്ളൂ. പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് പേപ്പറുകൾ, പ്ലാസ്റ്റിക് നൂലുകൾ, പ്ലാസ്റ്റിക് റിബണുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നും കളക്ടർ പറഞ്ഞു.
തെരഞ്ഞെടുപ്പു പരസ്യം സ്ഥാപിക്കുമ്പോൾ ചുമതലപ്പെട്ട വ്യക്തിയുടെ പേരും സ്ഥാനപ്പേരും പരസ്യത്തോടൊപ്പം ചേർക്കണം. മറ്റൊരു രാഷ്ട്രീയ കക്ഷിയോ സ്ഥാനാർഥിയോ നിയമാനുസൃതം സ്ഥാപിച്ചിട്ടുള്ള പരസ്യം വികൃതമാക്കുകയോ മലിനമാക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ വയ്ക്കരുത്.് വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീർത്തിപ്പെടുത്തുന്നതും പ്രകോപനപരമായതും മതവികാരം ഉണർത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതുമായ പരസ്യങ്ങൾ സ്ഥാപിക്കാനോ പതിക്കാനോ എഴുതാനോ പാടില്ലെന്നും കളക്ടർ വ്യക്തമാക്കി.
ഓരോ താലൂക്കിലും സ്‌പെഷ്യൽ ഡ്രൈവിന്റെ ചുമതല അതത് ആർ.ഡി.ഒ.മാർക്കു നൽകിയിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്ന ടീമുകൾക്ക് പൊലീസ് സഹായം ഉറപ്പാക്കുന്നതിന് സിറ്റി, റൂറൽ പൊലീസ് മേധാവികൾക്കും കളക്ടർ നിർദേശം നൽകി