അമ്മയെന്നുള്ളൊരു ഉണ്മ; അമ്മ ദിനത്തിലെ കവിത

അമ്മയെന്നുള്ളൊരു ഉണ്മ
നമ്മെ നയിച്ചൊരു നന്മ
അമ്മയെന്നുള്ളൊരു സത്യം വെണ്മയാർന്നൊരു ചിത്രം

എന്നും മുലപാലിൻ മധുര മൂറും
ഓർമയാണെന്നും എൻ അമ്മ
തിരുനെറ്റിയിൽ മൃദു മുത്തമേകി
തുടു തുടു കവിളുകളിൽ ഇക്കിളിക്കൂട്ടി
ചടുലമാം മിഴികളിൽ കണ്മഷി എഴുതിയും
ഉണ്ണാതെ ഉറങ്ങാതെ താരാട്ടു പാടിയും
കുറുനിര മുടികളിൽ വിരലുകൾ മീട്ടിയും
ഒപ്പത്തിനൊപ്പം കാൽപാദങ്ങൾ വച്ചും
പിച്ച നടത്തിച്ചും മാമൂട്ടി ഉറക്കിയും
അമ്മമാർ ഉയിർപോൽ വളർത്തിയതോർമ്മയില്ലേ

കൈപിടിച്ചാദ്യമായി നഴ്സറി വരാന്തയിൽ
ആദ്യാക്ഷരങ്ങൾ കുറിക്കാൻ പോയന്നേരം
സാരിതലപ്പിൽ പിടിവിടാതുച്ചത്തിൽ
കാറി കരഞ്ഞതും ഓർമയില്ലേ

ഓണത്തിന് പുത്തെൻകോടി തന്നതും
അമ്പലനടയിൽ പുല്ലാകുഴൽ വാങ്ങി തന്നതും
ഇല തുമ്പിൻ പ്രസാദം തിരു നെറ്റിയിൽ തന്നതും
മറക്കാൻ കഴിയില്ല ഒരിക്കലും മറക്കില്ല

അമ്മേ പൊറുക്കുക അറിയാതെ ഓർക്കാതെ
പാഴ് വാക്കുകൾ കൊണ്ട് ഞാൻ വേദനിപ്പിച്ചെങ്കിൽ
വരും ജന്മങ്ങളിൽ പോലും നിൻമടിയിൽ തല ചായ്ച്ചു
പുലരാൻ ഭാഗ്യം കണിയണമേ

എസ് വിനോദ് കുമാർ

17 Views