കോവിഡ് പ്രതിരോധം ഉന്നതതലയോഗം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിന് ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി. പരീക്ഷയ്ക്ക് പോകുമ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോളിംഗ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സജീവമായി പങ്കെടുത്തവര്‍ എന്നിവര്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതും കോവിഡ് പരിശോധന നടത്തേണ്ടതുമാണ്. 45 വയസ് കഴിഞ്ഞവര്‍ എത്രയും വേഗം കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്. ഇതിനായി www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· യാത്രാവേളയിലും പരീക്ഷാഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക
· പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക
· മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക
· പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവെക്കാതിരിക്കുക.
· പരീക്ഷക്ക് ശേഷം ഹാളില്‍ നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക
· ക്വാറന്റൈന്‍ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ത്ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക

Social media & sharing icons powered by UltimatelySocial