ജനസംഖ്യാ ദിനാചരണം: ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലൂടെ വിവിധ ഗുണഭോക്താക്കള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കാനായാണ് ഇത്തരത്തിലൊരു ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

പ്രജനന ലൈംഗിക ആരോഗ്യത്തിന്റെ ആവശ്യകതയും കുടുംബാസൂത്രണ മാര്‍ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അങ്കണവാടി വര്‍ക്കര്‍മാര്‍ വിവിധ ഗുണഭോക്താക്കളോട് സംസാരിച്ചു. ജനസംഖ്യ വര്‍ധനവിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും വിശദീകരിച്ചു. കോവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ രോഗം ഉണ്ടാകാതിരിക്കാനും സാമൂഹിക അകലം പാലിക്കാനും മൊബൈല്‍ ഫോണുകള്‍ വഴിയാണ് ഈ സാമൂഹ്യാധിഷ്ഠിത ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗുണഭോക്താക്കളുടെ സൗകര്യങ്ങള്‍ അനുസരിച്ച് രണ്ട് തരത്തിലാണ് ഈ പ്രവര്‍ത്തനം നടത്തിയത്. കുടുംബാംഗങ്ങളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം നിര്‍വഹിച്ചത്.

ആഗോള തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത് സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ട് പറയുന്നത്. സ്ത്രീകള്‍ക്ക് ലഭ്യമാക്കേണ്ട പ്രജനന ലൈംഗികാരോഗ്യവും, കുടുംബാസൂത്രണ സേവനങ്ങളും ലോക്ക് ഡൗണ്‍ കാലത്ത് ലഭിക്കാതിരിക്കുകയും വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരാകുവാനും സാധ്യതയുണ്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ലഭ്യത കുറയുന്നതുമൂലം അപ്രതീക്ഷിത ഗര്‍ഭധാരണം കൂടുവാനും സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളില്‍ ബോധവത്ക്കരണം നല്‍കുവാന്‍ കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.