ചുഴലിക്കാറ്റ്: ദുരന്ത നിവാരണത്തിനു ജില്ല സജ്ജം; മുന്നൊരുക്കം തുടങ്ങി

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടിയന്തര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി. മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി ജില്ലയിലെ എല്ലാ ദുരന്ത നിവാരണ വിഭാഗങ്ങളും പൂർണ പ്രവർത്തന സജ്ജമായി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര, നാവിക, വ്യോമ സേനകളുടേയും ദേശീയ ദുരന്ത നിവാരണ സേനയുടേയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
ജില്ലയിൽ ഡിസംബർ മൂന്നിന് അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടിനും നാലിനും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു മുൻനിർത്തി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. 
അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാൻ റവന്യൂ – തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഒരുക്കം തുടങ്ങി. ദുരിതാശ്വാസ ക്യാംപുകൾ ആരംഭിക്കേണ്ട സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിശദമായ പട്ടിക തയാറാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പു കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങൾ ഒഴിവാക്കിയാണു ദുരിതാശ്വാസ ക്യാംപുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ക്യാംപുകൾ തുറക്കേണ്ടിവന്നാൽ ഇവിടങ്ങളിൽ വൈദ്യുതിയും വെള്ളവും ഭക്ഷണ സാധനങ്ങളുമെത്തിക്കാൻ യഥാക്രമം, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ് വകുപ്പുകൾക്കു നിർദേശം നൽകി.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക സാധ്യത മുന്നിൽക്കണ്ട് ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് അപ്പപ്പോൾ നിരീക്ഷണ വിധേയമാക്കാൻ കളക്ടർ ഹൈഡ്രോളജി വകുപ്പിന് നിർദേശം നൽകി. നിലവിൽ രാവിലെ എട്ടിനും ഉച്ചയ്ക്കു 12നും വൈകിട്ട് നാലിനുമാണ് നദികളിലെ ജലനിരപ്പ് പരിശോധിക്കുന്നത്. വരുന്ന മൂന്നു ദിവസങ്ങളിൽ വൈകിട്ട് ആറിനും എട്ടിനും കൂടി പരിശോധിക്കും. നെയ്യാർ, കിള്ളിയാർ, കരമനയാർ എന്നിവിടങ്ങളിലെ ജലനിരപ്പാകും ഈ രീതിയിൽ പരിശോധിക്കുക. 
വെള്ളക്കെട്ട് നിവാരണത്തിന് ഇറിഗേഷൻ വകുപ്പിന്റെ വെള്ളായണി മധുപാലം പമ്പ് ഹൗസിലെ അഞ്ചു മോട്ടോറുകൾ പൂർണ പ്രവർത്തനക്ഷമമാക്കി. പൂവാർ, വേളി പൊഴികളുടെ കടലിലേക്കുള്ള ഒഴുക്ക് കൂടുതൽ സുഗമമാക്കും. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കനാലുകൾ വൃത്തിയാക്കുന്ന നടപടികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും നിർദേശം നൽകി. 
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, എ.ഡി.എം. വി.ആർ. വിനോദ്, ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ. മുഹമ്മദ് സഫീർ, കര, വ്യോമ സേനാ വിഭാഗങ്ങളുടേയും കോസ്റ്റ് ഗാർഡിന്റേയും പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. 

Social media & sharing icons powered by UltimatelySocial