കച്ചവട സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം; ജില്ലാ കളക്ടര്‍

വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ക്യൂ ആന്റ് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണം. ആളുകള്‍ നില്‍ക്കേണ്ട സ്ഥാനം നിലത്ത് കൃത്യമായി അടയാളപ്പെടുത്തണം. ഇത്തരം സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ടീമിനെ നിയോഗിക്കും. ഓരോ താലൂക്കിലും ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ അഞ്ച് സ്‌പെഷ്യല്‍ സ്‌കോഡുകള്‍ രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കും. കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിക്കുന്നില്ലെന്ന് പോലീസും ഉറപ്പുവരുത്തും. ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

യോഗം ചേര്‍ന്നു

ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹോം ഡെലിവറി കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ കളക്ടര്‍ വ്യാപാരികളോട് നിര്‍ദേശിച്ചു. ഡെലിവറി ചെയ്യുന്ന വ്യക്തി കൂടുതല്‍പേരുമായി ഇടപഴകുന്നിലെന്ന് കടയുടമ ഉറപ്പ് വരുത്തണം. കടകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. ഭക്ഷണ വില്‍പ്പന കൗണ്ടര്‍, ക്യാഷ് കൗണ്ടര്‍ എന്നിവിടങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമാക്കണം. ഓണം പ്രമാണിച്ച് കടകള്‍ കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ അഭ്യര്‍ത്ഥനയില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, എസ്.പി അശോക് കുമാര്‍, ആര്‍.ഡി.ഒമാരായ ജോണ്‍ സാമുവല്‍, എസ്.എല്‍ സജികുമാര്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു. എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply