കെയര്‍ ഹോമിലെ കുട്ടികള്‍ക്ക് മധുരവുമായി കളക്ടര്‍ നവ്ജ്യോത് ഖോസ

ഓണത്തോടനുബന്ധിച്ചു പി.ടി.പി നഗറില്‍ പ്രവര്‍ത്തിക്കുന്ന വിമെന്‍-ചില്‍ഡ്രന്‍ ഹോമിലെ അന്തേവാസികള്‍ക്ക് മധുരവുമായി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ. മധുരവും സമ്മാനപ്പൊതികളുമായെത്തിയ കളക്ടറെ കെയര്‍ ഹോം അന്തേവാസികളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. സംസ്ഥാന വനിതാ-ശിശു വകുപ്പിന് കീഴില്‍ മഹിള സമഖ്യാ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോമില്‍ 18 പെണ്‍കുട്ടികളാണ് താമസിക്കുന്നത്. ഇവരുടെ ഓണപ്പാട്ടുകളും തിരുവാതിരകളിയും കളക്ടര്‍ ആസ്വദിച്ചു. ജീവനക്കാരോട് കെയര്‍ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞ കളക്ടര്‍ കോവിഡ് മാനദണ്ഡങ്ങള്‍ വിലയിരുത്തി. ഓണക്കാലം പരമാവധി അവരവരുടെ വീടുകളില്‍ ആഘോഷിക്കണമെന്നും ഈ സമയം കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കോവിഡ് വ്യാപനം ഇനിയും വര്‍ദ്ധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഓൾഡ് ഏജ് ഹോമുകളിലെ സന്ദർശനം ഒഴിവാക്കിയതായും ഓൺലൈനിലൂടെ ഇവിടങ്ങളിലെ ഓണാഘോഷങ്ങളുടെ ഭാഗമാകുമെന്നും കളക്ടർ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കെയര്‍ ഹോമില്‍ തന്നെ കഴിയുന്ന കുട്ടികള്‍ പഠനങ്ങളിലും സര്‍ഗാത്മകമായ പ്രവര്‍ത്തികളിലും വ്യാപൃതരാണ്.

Leave a Reply