പുസ്തക നിരൂപണ മത്സരം

  • By News Desk
  • September 16, 2020
  • 0
  • 153 Views

അനന്തപുരി ഓൺലൈൻ, അടയാളം ഓൺലൈൻ സംയുക്തമായി അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഓൺലൈനിൽ പുസ്തക നിരൂപണ മത്സരം നടത്തുന്നു. ഇതിലേക്കായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ചുവടെ കൊടുത്തിട്ടുള്ള ‘തണ്ടൊടിഞ്ഞ കൈവണ്ടി‘ കഥ വായിച്ച് അതിനെക്കുറിച്ച് മൊബൈലിലോ ഡിജിറ്റൽ ക്യാമറയിലോ രണ്ടു മിനിറ്റ് കവിയാതെ കഥയെക്കുറിച്ചുള്ള ഒരു നിരൂപണം വീഡിയോ ഷൂട്ട് ചെയ്ത് ഫോമിനോടൊപ്പം അയയ്ക്കുക. വീഡിയോ സൈസ് 100 mb യിൽ കവിയാതെ നോക്കണം. ഓഡിയോയിലും നല്ല വ്യക്തത വരുവാൻ ശ്രദ്ധിക്കുമല്ലോ. മത്സരം രണ്ടു കാറ്റഗറിയിലായിട്ടായിരിക്കും നടക്കുക. അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ കാറ്റഗറി ഒന്ന്, പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളത് കാറ്റഗറി രണ്ട്. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30, 2020.
തെരഞ്ഞെടുക്കുന്ന നിരൂപണങ്ങളുടെ വീഡിയോ അനന്തപുരി ഓൺലൈൻ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ adayalam.in ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിക്കുന്നതാണ്. വീഡിയോ തെരഞ്ഞെടുക്കുന്നതിൽ ഒഫിഷ്യൽ ജഡ്ജുകളുടെ തീരുമാനം അനുസരിച്ചാറിയിരിക്കും.

തണ്ടൊടിഞ്ഞ കൈവണ്ടി

കൗരവ-പാണ്ഡവ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. കൗരവരായി പിൻനിരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഓലമടലുകൾ ഓരോന്നായി അർജ്ജുനന്റെ അമ്പേറ്റ് നിലംപൊത്തിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് അർജ്ജുനന്റെ തേരാളായിയായ കൃഷ്ണനൊരു മൂത്രശങ്ക വേറെയൊന്നുമാലോചിച്ചില്ല, രഥമായുപയോഗിച്ചിരുന്ന കൈവണ്ടിയിൽ നിന്ന് വിദ്വാൻ ചാടി ശങ്കതീർക്കാനിറങ്ങി. വിജിഗീഷുവായി നെഞ്ചുവിരിച്ചുനിന്ന അർജ്ജുനൻ അതാ മണ്ണുംകപ്പി താഴെ.

‘യ്യോ! ന്റെ വണ്ടി’ യെന്നൊരാർത്തനാദത്തോടെ കൈവണ്ടിയുടെ ‘ഓണർ-കം-ഡ്രൈവർ’ ശ്രീധരൻ ഹാജർ. ഇതിനിടെ ദുർവ്വാസാവായി പരിണമിച്ച അർജ്ജുനനെ ഗൗനിക്കാതെ തന്റെ കൈവണ്ടിക്ക് വല്ലതും പറ്റിയോ എന്ന് വേവലാതിപ്പെടുന്ന ശ്രീധരനെ കൂക്കുവിളിയോടെ ആദരിക്കുകയാണ്  ശിഷ്ടം വന്ന കൗരവപ്പടയും പിന്നെ പാണ്ഡവരും! ‘അടുത്ത ഞായറാഴ്ച ഇങ്ങ് വാ കൂവുന്നവരെ ഞാൻ വണ്ടിയിൽ കയറ്റേയില്ല’ യെന്ന് ശ്രീധരൻ.

ശ്രീധരൻ നാൽപ്പതു കഴിഞ്ഞ ‘കുട്ടി’ യാണ്. അഥവാ ശരീരം നാൽപ്പതാണ്ടു തികച്ചെങ്കിലും മനസ്സ് ഈ കളികളിലേർപ്പെടുന്ന കുട്ടികളുടേതാണ്. മുഷിഞ്ഞ കൈലിമുണ്ടും തോളത്തെ തോർത്തുമാണ് സ്ഥിരം വേഷം. ആകെയുള്ള സമ്പാദ്യം ആ കൈവണ്ടിയും.  വീട്ടിലുള്ളവരായ അമ്മയേയും ശീധരനെപ്പോലെ മാനസികവളർച്ചയെത്താത്ത സഹോദരി സുമതിയേയും  പോറ്റുന്നത് ഈ കൈവണ്ടിയാണെന്ന് പറയാം. ഇതിൽ സാധനങ്ങൾ കടക്കാർക്കെത്തിച്ചു കൊടുക്കലും കപ്പ, വാഴക്കുല, ചേമ്പ്, ചേന ഇത്യാദികൾ ചന്തയിലെത്തിക്കലുമാണ് ശ്രീധരന്റെ പണി. ഉച്ചയോടെ പണികഴിഞ്ഞാൽ ശ്രീധരനും കൈവണ്ടിയും വിശ്രമത്തിലാകും. പിന്നെ വൈകിട്ടോ പിറ്റേന്ന് വെളുപ്പിനോ മാത്രമേ ജോലിയുണ്ടാകാറുള്ളു. അതുവരെ ശ്രീധരനും കൂടും ഞങ്ങൾ കുട്ടികളോടൊപ്പം കളിക്കാൻ.

മൂന്നും മുപ്പതും അയാളെ ശ്രീധരൻ എന്നു തന്നെ വിളിച്ചു.  എല്ലാവരോടും തന്റെ നിരതെറ്റിയ പല്ലുകൾ പുറത്തുകാട്ടി ശ്രീധരൻ ചിരിച്ചു. ‘എന്തോ’ എന്ന് വിളികേട്ടു. ആൺകുട്ടികളേയും തന്നെ കളിയാക്കുന്ന പെൺകുട്ടികളേയും അയാൾക്കിഷ്ടമില്ല. പൊതുവേ സാധുപ്രകൃതിയായ, ഒന്ന് പറഞ്ഞാലുടൻ കണ്ണ് നിറയ്ക്കുന്ന തൊട്ടാവാടിയായ എന്നെ ഇഷ്ടമായിരുന്നു.

“വാവ വലുതാവുമ്പോൾ എന്നെ കെട്ട്വോ?” ഇടയ്ക്കിടയ്ക്കുള്ള ചോദ്യമാണ്.

”അമ്മ തല്ലിയാലോ’ എന്ന് ഞാൻ മറുപടി കൊടുക്കും. അമ്മോട് പറയാണ്ടെ പോകാമെന്ന്’ ഇടയ്ക്ക് ഞങ്ങൾ തീരുമാനിക്കും. ഞാൻ പ്രായപൂർത്തിയായിട്ടും പക്ഷെ ശ്രീധരനു കെട്ടുപ്രായമെത്തിയില്ല. അയാൾ കൈവണ്ടി വലിച്ചും ബാക്കി സമയം കുട്ടികളോട് കളിച്ചും കാലം കഴിച്ചു. ഞായറാഴ്ചകളിൽ കുട്ടികളെ കൈവണ്ടിയിൽ കയറ്റിവച്ച് ശ്രീധരൻ വണ്ടി വലിക്കും. അത്തരം യാത്രകളും കളികളും കുട്ടികളെപ്പോലെ ആസ്വദിച്ചു ചിരിച്ചുമറിയും.

ഹൈസ്‌കൂൾ ക്ളാസിലെത്തിയപ്പോൾ അമ്മ പഠിച്ച സ്‌കൂളിൽ തന്നെ പോകണമെന്ന് നിർബന്ധമായി. കുറച്ചകലെയായതുകൊണ്ട് ബസ്സിൽ പോകാം എന്നത് വേറൊരാകർഷണമാണ്. ഇടയ്ക്കുള്ള ബസ് യാത്രകൾ ഇഷ്ടമാണ്. പക്ഷെ തുടർച്ചയായി ബസ്സിൽ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. സ്‌കൂളിൽ പോകുന്ന വഴി മെയിൻ റോഡാക്കാതെ വയലിനു നടുവിലൂടെ നടന്നു പോകുന്നതാണിഷ്ടം. വഴിനീളെ ദിവാസ്വപ്നം കണ്ടങ്ങനെ…..

ഹൈസ്‌കൂളിലാകുന്നതറിഞ്ഞ് ശ്രീധരൻ നിറഞ്ഞു ചിരിച്ചു. ‘വാവയ്ക്കിനി എന്നും ബസ്സിൽ കേറാല്ലോ’ എന്നതായിരുന്നു. അയാളുടെ സന്തോഷം. എന്റെ ഗൂഢോദ്ദേശ്യം ഞാൻ ശ്രീധരനോടും പങ്കുവച്ചില്ല. എങ്ങാനും ‘ലീക്കാ’ യാൽ ദൂരെയുള്ള സ്‌കൂളിലേക്ക് അയയ്ക്കില്ല. സ്വതവേ സ്വപ്നജീവിയായ എനിക്ക് വഴികൾ തനിയെ നടക്കാനും ഇടയ്ക്കിരുന്നു വായിക്കാനും കണ്ണ് തുറന്നിരുന്നു സ്വപ്നം കാണാനുമിഷ്ടം. കുട്ടിപ്പട്ടാളം അറിഞ്ഞാൽ പിറകെ കൂടും. ശ്രീധരൻ ബോഡിഗാർഡാകും. എല്ലാം അലങ്കോലമാകും. സ്വസ്ഥത കിട്ടില്ല. ഇങ്ങനെ പോയി ചിന്തകൾ.

ഒരു ഞായറാഴ്ച കളിത്തത്തിമിർപ്പിൽ അന്ന് ശ്രീധരനെ കണ്ടതേയില്ലന്നോർത്തതേയില്ല. ആരും അയാളെ അന്വേഷിച്ചതുമില്ല. ഇടയ്ക്ക് ജോലി ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കാറുണ്ട്. അസംഖ്യം ഗോപികമാർക്കു നടുവിൽ അനിയന്റെ കൃഷ്ണൻ ആടിത്തിമിർക്കുന്നു. അപ്പുറത്ത് കളിക്കുന്ന കുട്ടിയും കോളും സംഘത്തിന്റെ കോലു കൊണ്ട്  പരിക്ക് പറ്റിയ ഞാൻ പിണങ്ങി നേരത്തെ വീട്ടിൽ കയറി. അടുക്കള ഭാഗത്ത് ചുറ്റിപ്പറ്റി അച്ഛമ്മയോട് തർക്കുത്തരവുമായി നിൽക്കുമ്പോൾ അമ്മ ശാസിച്ചു.

“വല്ലതും പോയിരുന്നു വായിച്ചൂടെ, കാടോടി നടക്കും. അത് കഴിഞ്ഞു വന്നാൽ ആരോടെങ്കിലും വഴക്കടിച്ചോളും. മുതിർന്നൂന്നൊരു ബോധവുമില്ല. ആ ശ്രീധരൻ ഏതാണ്ട് കൊണ്ട് വെച്ചിട്ടു പോയി”. ‘ആ കൂട്ട് വേണ്ടെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല’ എന്ന പതിവ് പല്ലവിയോടെ അമ്മ അന്നത്തെ നല്ലനടത്താപ്പാഠം അവസാനിപ്പിച്ചു. ശ്രീധരൻ ഏൽപ്പിച്ച സാധനം തെരഞ്ഞു വീട് മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും കിട്ടിയില്ല. ദേഷ്യത്തിലായതിനാൽ അമ്മയോട് ചോദിക്കാനുമാകില്ല. വായനയിലേക്ക് തിരിഞ്ഞപ്പോൾ അതങ്ങു മറന്നു. പിറ്റേന്നാണ്‌ ‘അമ്മ ശ്രീധരൻ കൊണ്ടുവന്ന പൊതിയെടുത്തു തന്നത്.  പത്രക്കടലാസിൽ പൊതിഞ്ഞ രണ്ടു മധുരമിട്ടായി. അപ്പോഴേയ്ക്കും അതിൽ ഉറുമ്പരിച്ചിരുന്നു.

തിങ്കളാഴ്ചകൾ പൊതുവെ മടുപ്പിന്റേതാണ്. രണ്ടുദിവസത്തെ കളിയുടെ ആലസ്യവും വായിച്ചുതീരാത്ത ബുക്കിന്റെ ബാക്കിയുമൊക്കെകൂടി ഒരു അലട്ടൽ പിടിച്ച ദിവസം. കാറ്റിനുമൊക്കെ ഒരു ഉത്സവപ്രതീതിയാണ്. വെള്ളി വൈകുന്നേരങ്ങളും പ്രിയമാണ്, വരാൻ പോകുന്ന അവധിദിവസങ്ങളെയോർത്ത്.

രാവിലെ മഴ. കുടയെടുത്തിറങ്ങുമ്പോളോർത്തു, വയലിലും തോട്ടുവക്കിലുമൊക്കെ ചെളിയും വഴുക്കലുമായിരിക്കും. ഇന്നിനി യാത്ര റോഡിലൂടെ മതി. ഏകദേശം രണ്ടു കിലോമീറ്റർ ദൂരമേയുള്ളൂ നടന്നു പോകാൻ. സ്ഥിരം നടത്തയ്ക്ക് കൂട്ടുകാരിയെ കൂട്ടാറില്ല. അന്നെന്തോ പോകുന്ന പൊക്കിൾ അവളെയും വിളിക്കാൻ തോന്നി. തലയിലെ സ്കാർഫും കൂടെ കുടയും. അസ്വസ്ഥത വർദ്ധിച്ചുകൊണ്ടിരുന്നു. ചെറിയ കയറ്റവും വളവുമൊക്കെയായി റോഡിൽ ഒരു ഭാഗമുണ്ട്. ഒരു സൈഡിൽ വളർന്നു നിൽക്കുന്ന റബ്ബർ മരങ്ങൾ തണൽ വിരിക്കുന്നയിടത്ത് കൂട്ടിയിട്ടിരിക്കുന്ന പാറക്കല്ലുകൾ. റോഡുമാർഗം സഞ്ചരിക്കുമ്പോൾ ഒരിക്കലും ഇഷ്ടപ്പെടാൻ കഴിയാത്തതെന്തോ ആ കുറച്ചു സ്ഥലത്ത് അനുഭവപ്പെടുമായിരുന്നു.

കൃത്യം ആ വെറുക്കപ്പെട്ട സ്ഥലത്ത് തന്നെ കണ്ടു, തണ്ടൊടിഞ്ഞ ചക്രം തെറിച്ചുപോയൊരു കൈവണ്ടി, കൂടെ ചതഞ്ഞരഞ്ഞ നിലയിൽ കൈവണ്ടിയിലുണ്ടായിരുന്ന കപ്പയും, തൊട്ടടുത്ത് തന്നെ വാറുപൊട്ടിപ്പോയ ഒരു റബ്ബർ ചെരുപ്പും റോഡിൽ പടർന്ന ചോരക്കുമേലെ വീണുചുവന്ന തോർത്തുമുണ്ടും. ഇത് ശ്രീധരന്റെ വണ്ടിയല്ലേ എന്നോർത്ത് തരിച്ചു നിൽക്കുമ്പോൾ കൂട്ടുകാരി സാക്ഷ്യം പറഞ്ഞു. “അതേ, ശ്രീധരൻ തന്നെ. വെളുപ്പിനേ ചന്തയ്ക്കുപോയതാ, കപ്പയും കൊണ്ട്.” ഏതോ പാണ്ടി ലോറി വന്നു ശ്രീധരനെ കൂട്ടിക്കൊണ്ടുപോയി എന്ന് വിശ്വസിക്കാനാവാതെ സ്തബ്ധയായി നിന്ന എന്നെ നോക്കി അവൾ പുലമ്പി.

“ഇവിടിങ്ങനെ നിന്നാൽ ബെല്ലടിക്കും, നീ വരുന്നെങ്കിൽ വാ, ഞാനിതാ പോണു.”

ഈ ലോകത്തല്ലാത്ത നിലയിൽ അവളോടൊത്തു നടക്കുമ്പോൾ ശ്രീധരനായിരുന്നു മനസ്സിൽ. പാവം, ഇനി വാവയെ തേടി വരാൻ അയാളില്ല. ഒരുപാട് കാലം ആ വഴി ഒഴിവാക്കി ശ്രീധരനിൽ നിന്നും ഒളിച്ചോടി. അങ്ങനെ തിങ്കളാഴ്ചകൾ പൂർണമായി വെറുക്കപ്പെട്ടതായി. അയാളുടെ അസാന്നിദ്ധ്യം അസഹ്യമായപ്പോൾ കളിസ്ഥലം ഉപേക്ഷിച്ചു. അവധി ദിവസങ്ങൾ പുസ്തകത്തിലേക്ക് ചുരുങ്ങി. ഇടയ്ക്കിടെ വല്ലാത്തൊരു ഭാവത്തോടെ ശ്രീധരൻ അക്ഷരങ്ങൾക്കിടയിൽ നിന്നെത്തിനോക്കി. തുറന്നുവച്ച പുസ്തകത്തിനു മുന്നിൽ ശൂന്യമായ മിഴികളും മനസ്സുമായി ഞാൻ തപസ്സിരുന്നു.

വർഷങ്ങൾക്കുശേഷം ഒരു ദീർഘദൂര യാത്ര കഴിഞ്ഞു രാത്രി രണ്ടുമണി നേരം അതെ സ്ഥലത്തെത്തി. റോഡിൽ അസൗകര്യമുണ്ടാക്കി സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിനെ കുറിച്ച് സംസാരിച്ചിരിക്കെ കാറിന്റെ ജാലകത്തിനു വെളിയിൽ ശ്രീധരൻ ചിരിച്ചു! ഒരു മാറ്റവുമില്ലാതെ അതെ സ്ഥലത്ത് വീണ്ടും…

ശുഭം

ബിന്ദു ഹരികൃഷ്ണന്റെ കഥയമമ എന്ന കഥാ സമാഹാരത്തിൽ നിന്നുമെടുത്തിട്ടുള്ള ഒരു കഥ

വീഡിയോ അയയ്ക്കാൻ താഴെ കൊടുത്തിട്ടുള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://forms.gle/CFLeCzaSCBR1YjaFA

Leave a Reply

Your email address will not be published. Required fields are marked *