സുഗതകുമാരി ടീച്ചര്‍ക്ക് കേരളത്തിന്റെ യാത്രാമൊഴി

അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചര്‍ക്ക് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി. ടീച്ചറുടെ ഛായാചിത്രത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ആയിരങ്ങളാണ് പാളയം അയ്യങ്കാളി ഹാളില്‍ എത്തിയത്.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ.ബാലൻ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ഷൈലജ ടീച്ചര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍,ജെ.മെഴ്സികുട്ടിയമ്മ, വി.എസ്. സുനില്‍കുമാര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എമാരായ വി.കെ.പ്രശാന്ത്, കെ. ആന്‍സലന്‍, സി. ദിവാകരന്‍, സി.കെ. ശശീന്ദ്രന്‍, ഐ.ബി.സതീഷ് .കെ.യു.ജിനീഷ് കുമാർ, ശബരിനാഥന്‍, ഷാഫി പറമ്പില്‍, രാഷ്ട്രീയ നേതാക്കളായ കാനം രാജേന്ദ്രന്‍, എം. വിജയകുമാര്‍, പന്ന്യൻ രവീന്ദ്രൻ, എം.എം.ഹസ്സന്‍, കുമ്മനം രാജശേഖരന്‍, സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ലത്തീന്‍ കത്തോലിക്ക അതിരൂപതാ ബിഷപ്പ് സൂസ പാക്യം, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ളീമിസ് ബാവ, ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽ പെട്ട ആയിരങ്ങൾ ഉച്ചയ്ക്ക് ഒരുമണിമുതല്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.

സുഗതകുമാരി ടീച്ചറുടെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു. വൈകിട്ട് നാലുമണിയോടെ മെഡിക്കല്‍ കോളേജില്‍ നിന്നും ടീച്ചറുടെ ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മണ്ണിനെയും മനുഷ്യനെയും മാതൃഭാഷയെയും സ്‌നേഹിച്ച പ്രതിഭ : മന്ത്രി എ.കെ.ബാലന്‍

സുഗതകുമാരി ടീച്ചര്‍ മണ്ണിനെയും മനുഷ്യനെയും മാതൃഭാഷയെയും ഏറെ സ്‌നേഹിച്ച പ്രതിഭയായിരുന്നുവെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പാളയം അയ്യങ്കാളി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായിരുന്ന ടീച്ചര്‍ ഏഴ് പതിറ്റാണ്ടുകളായി സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ടീച്ചര്‍ സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷയായി പ്രവര്‍ത്തിച്ചത് ആ മേഖലയിലെ തന്നെ ഒരു വഴിത്തിരിവായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലയാള സാഹിത്യത്തിനും സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കും നികത്താനാകാത്ത നഷ്ടമാണ് സുഗതകുമാരി ടീച്ചറുടെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രമുഖ രാഷ്ട്രീയ നേതാക്കളായ എം.എ.ബേബി, പന്ന്യന്‍ രവീന്ദ്രന്‍, എ. വിജയരാഘവന്‍, എം. വിജയകുമാര്‍, പാലോട് രവി, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ അനുശോചനം അര്‍പ്പിച്ചു സംസാരിച്ചു. കവി വി. മധുസൂദനന്‍ നായര്‍ ടീച്ചര്‍ക്ക് അനുശോചനം അര്‍പ്പിച്ചു കവിത ചൊല്ലി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന നുശോചന സമ്മേളനത്തിൽ ടീച്ചറുടെ ആരാധകരടക്കം നിരവധി പേർ പങ്കെടുത്തു.

Social media & sharing icons powered by UltimatelySocial