ഹൈടെക് തിളക്കത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ്‌റൂം

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായതിന്റെ നേട്ടത്തിൽ തിരുവനന്തപുരം ജില്ലയ്ക്കും തിളക്കം. ജില്ലയിലെ 1,270 പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികൾ യാഥാർഥ്യമായി. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനത്തിനൊപ്പം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ അതതു നിയമസഭാ സാമാജികർ പ്രാദേശിക പ്രഖ്യാപനം നടത്തിയതോടെ തിരുവനന്തപുരത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കപ്പെട്ടു. ജില്ലയുടെ ചുമതലയുള്ള സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിന്റെ പ്രഖ്യാപനം നിർവഹിച്ചു.

മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ പ്രാപ്യമാവുക എന്നതു സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നു പ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളീയ സമൂഹത്തിനൊന്നാകെ അഭിമാനകരമായ നേട്ടങ്ങളാണു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ പൊതുവിദ്യാഭ്യാസ രംഗം കൈവരിച്ചത്. എല്ലാ നിയോജക മണ്ഡലങ്ങളിലും അന്തർദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളോടു കൂടിയ പൊതുവിദ്യാലയങ്ങൾ ഇന്നുണ്ട്. കൊഴിഞ്ഞുപോകുന്ന പതിവു മാറി ലക്ഷക്കണക്കിനു പുതിയ കുട്ടികൾ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ ചേരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 1,270 സ്‌കൂളുകളിലായി 31,130 ഐടി ഉപകരണങ്ങളാണ് സ്ഥാപിച്ചത്. സർക്കാർ- എയ്ഡഡ് വിഭാഗങ്ങളിലെ ഒന്നുമുതൽ 7 വരെ ക്ലാസുകളുള്ള 868ഉം എട്ടു മുതൽ 12 വരെ ക്ലാസുള്ള 402ഉം സ്‌കൂളുകളിൽ ഹൈടെക് ഉപകരണങ്ങളുടെ വിന്യാസം പൂർത്തിയായി. 9,507 ലാപ്ടോപ്പ്, 5,775 മൾട്ടിമീഡിയ പ്രൊജക്ടർ, 7,970 യു.എസ്.ബി. സ്പീക്കർ, 3,694 മൗണ്ടിംഗ് അക്സസറീസ്, 2,613 സ്‌ക്രീൻ, 379 ഡി.എസ്.എൽ.ആർ ക്യാമറ, 399 മൾട്ടിഫംഗ്ഷൻ പ്രിന്റർ, 401 എച്ച്.ഡി വെബ്ക്യാം, 392 43” ടെലിവിഷൻ എന്നിവയും സ്ഥാപിച്ചു. 1,032 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഏർപ്പെടുത്തി. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതൽ ഉപകരണങ്ങൾ വിന്യസിച്ചത്. വിവിധ ക്ലാസ് മുറികളിലായി 691 ഉപകരണങ്ങൾ സ്ഥാപിച്ചു. നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിൽ 356 ഉം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 342 ഉം ഉപകരണങ്ങൾ സ്ഥാപിച്ചു. 15,194 അധ്യാപകർക്ക് പ്രത്യേക ഐ.ടി. പരിശീലനവും നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) ആണ് ഹൈടെക് സ്‌കൂൾ പദ്ധതി നടപ്പാക്കിയത്. പദ്ധതിക്കായി കിഫ്ബിയിൽ നിന്നും 48.61 കോടിയും പ്രാദേശിക തലത്തിൽ 7.56 കോടി രൂപയും ഉൾപ്പെടെ 56.17 കോടി രൂപ ജില്ലയിൽ ചെലവഴിച്ചു.

ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ ഡെപ്യട്ടി സ്പീക്കർ വി. ശശി പ്രഖ്യാപനം നടത്തി. മറ്റു നിയോജക മണ്ഡലങ്ങളിലും എം.എൽഎമാരുടെ നേതൃത്വത്തിൽ പ്രഖ്യാപന പരിപാടി സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന പരിപാടികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply