വാഴ കർഷകർ കൃഷി മന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം; സംസ്ഥാനത്ത് വാഴ കർഷകർ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ നേത്രക്കായയുടെ താങ്ങുവില 40 രൂപയായി വർദ്ധിപ്പിക്കണമെന്ന് കാട്ടി ബനാന ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന് നിവേദനം നൽകി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷകർ ആശ്രയിക്കുന്ന വിളയാണ് വാഴ. വാഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും , കർഷകരെ സഹായിക്കുന്നതിനുമായി സർക്കാർ നേരത്തെ നേത്രക്കായയുടെ താങ്ങു വില 30 രൂപയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു മാസത്തിലേറെയായി ശരാശരി കിലോയ്ക്ക് 25 രൂപയാണ് കർഷകന് ലഭിക്കുന്നത്. ഇപ്പോൾ അത് 20 രൂപയിൽ താഴുകയും ചെയ്തതോടെ കർഷകർ കൂടുതൽ നഷ്ടത്തിലുമായി ആ സാഹചര്യത്തിലാണ് താങ്ങുവില വർദ്ധിപ്പിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്.
അതിന് വേണ്ടി സർക്കാർ സംഭരണ കേന്ദ്രങ്ങൾ വഴിയും താൽക്കാലിക സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയും താങ്ങുവില നേര്ട്ട് നൽകി കേരളത്തിൽ മുഴുവൻ ഉൽപ്പാദിപ്പിക്കുന്ന വാഴ കർഷകന്റെ മുഴുവൻ ഉൽപ്പന്നങ്ങളും സംഭരിക്കുക, വിപണികളിൽ കുലകൾ എത്തിക്കുന്നതിന് വാഹന സൗകര്യം ഏർപ്പെടുത്തുകയോ, അല്ലെങ്കിൽ തുക നൽകുകയോ ചെയ്യുക, വാഴക്കൃഷിക്ക് സാമ്പത്തിക സഹായം നൽകുന്നതിനും , വിള ഇൻഷ്വറൻസ് തുക, യഥാ സമയം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മന്ത്രിക്ക് നിവേദനം നൽകിയതെന്ന് ബനാന ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാറും, സെക്രട്ടരി ജി. പവിത്രകുമാറും അറിയിച്ചു. സിസ്സയുടെ നേതൃത്വത്തിലാണ് ബനാന ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാനത്ത് രൂപീകരിച്ചത്.
‘നൂറു മാന്തോപ്പ്’ പദ്ധതിക്ക് ജനുവരിയില്‍ തുടക്കമാകും
ടൈറ്റാനിയത്തിലെ ജൈവകൃഷി വിളവെടുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
നാട്ടു മാവുകളുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ‘നൂറു മാന്തോപ്പ്’ പദ്ധതിക്ക് ജനുവരിയില്‍ തുടക്കമാകുമെന്ന് കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു. കൊച്ചുവേളിയിലെ ടൈറ്റാനിയം ക്യാമ്പസില്‍ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറു മാന്തോപ്പ് പദ്ധതിയുടെ ഭാഗമായി നൂറിനം മാവുകളുടെ നൂറു മാന്തോപ്പുകള്‍ നിര്‍മ്മിക്കും. ഇവിടെ നട്ടുപിടിപ്പിക്കുന്നതിനായി കൃഷി വകുപ്പിനു കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന തോട്ടത്തില്‍ 127 ഇനങ്ങളിലുള്ള 12,000 മാവിന്‍തൈകള്‍ വികസിപ്പിച്ചിട്ടുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 35,000 ഹെക്ടര്‍ സ്ഥലത്ത് ഇതുവരെ കൃഷിയിറക്കിയിട്ടുണ്ട്. ആറുലക്ഷം ടണ്ണില്‍ നിന്നും 15.75 ലക്ഷം ടണ്ണിലേക്ക് കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം ഉയര്‍ത്താനായെന്നും ടൈറ്റാനിയത്തിലെ ജൈവപച്ചക്കറി കൃഷി മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നൂറു മാന്തോപ്പുകളില്‍ ഒരെണ്ണം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ നിര്‍മിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി.
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ കഴിഞ്ഞ 72 വര്‍ഷമായി തരിശായിക്കിടന്ന ഭൂമിയിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ജൈവ കൃഷിയില്‍ നൂറുമേനി വിളയിച്ചത്. നഗരസഭയുടെ, ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങളായ എയ്റോബിക്ബിന്‍, കിച്ചന്‍ബിന്‍ എന്നിവയില്‍ നിന്നുള്ള കമ്പോസ്റ്റ് ഉപയോഗിച്ചാണ് തീരദേശത്തെ മണ്ണില്‍ കൃഷിയുടെ വിസ്മയം തീര്‍ത്തത്. വാഴ, ചേന, ചേമ്പ്, കൂവ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയും കരനെല്‍ കൃഷിയും മത്സ്യകൃഷിയും ഇവിടെയുണ്ട്. സുഭിക്ഷ കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കിയ ടൈറ്റാനിയത്തിനുള്ള പ്രശംസാപത്രം ചെയര്മാന് എ. റഷീദിന് മന്ത്രി കൈമാറി. ടൈറ്റാനിയം ചെയര്മാന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ജോര്‍ജി നൈനാന്, ടൈറ്റാനിയം ജീവനക്കാര്‍, കൃഷി വകുപ്പിലെയും ഹരിത കേരളം മിഷനിലെയും ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.