തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെയും കേരളാ ബ്യൂറോ ഓഫ് ഇന്റസ്ട്രിയല്‍ പ്രമോഷന്റെയും (കെ-ബിപ്) പുതിയ വെബ്സൈറ്റുകളുടെ ഉദ്ഘാടനം വ്യവസായമന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു. വ്യവസായ വകുപ്പിന്റെ www.keralaindustry.org എന്ന വെബ്െൈസറ്റാണ് പുനര്‍ രൂപകല്പന ചെയ്തത്. www.kbip.org എന്നതാണ്
കെ-ബിപ്പിന്റെ പുതിയ വെബ്സൈറ്റ്.
ഉപയോക്താക്കള്‍ക്കും സംരംഭകര്‍ക്കും ഉപയോഗപ്രദമായി കൂടുതല്‍ വിവരങ്ങള്‍ ഉല്‍പ്പെടുത്തിയാണ് വെബ്സൈറ്റ് നവീകരിച്ചത്. ഈസ് ഓഫ് ഡുയിംഗ് ബിസിനസ്സ്, കെ-സ്വിഫ്റ്റ്, ഇന്‍വെസ്റ്റ് കേരള, മെഗാ പ്രോജക്ടുകള്‍, കേരള ഇ-മാര്‍ക്കറ്റ്, അടിസ്ഥാന സൗകര്യ ലഭ്യത, വ്യവസായ കേരളം മാസികയുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍, ഇന്‍വെസ്റ്റര്‍ കണക്ട് തുടങ്ങി ഏറ്റവും പുതിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി. കൊവിഡ് മഹാമാരി വ്യവസായ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച വ്യവസായ ഭദ്രതാ പാക്കേജ് നടപ്പാക്കി വരികയാണ്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
ഒപ്പം വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, സംസ്ഥാന പ്രൊമോഷണല്‍ ഏജന്‍സികള്‍, വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍, വിവിധ ആവശ്യങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ട ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ലിങ്കുകള്‍ എന്നിവയും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിന്റെ എംഎസ്സി-സിഡിപി പദ്ധതിയായ ക്ലസ്റ്റര്‍ വികസന പരിപാടി, കേരള സംസ്ഥാന ബാംബൂ മിഷന്, നാഷണല്‍ ബാംബൂ മിഷന് പദ്ധതികള്‍, എസ്.സി, എസ്.ടി. ഹബ്ബിന്റെ പദ്ധതികള്‍, ഭക്ഷ്യസംസ്കരണവും അനുബന്ധ യൂണിറ്റുകളുടെ ഓഡിറ്റ്, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കെ-ബിപ് വെബ്സൈറ്റ് പുറത്തിറക്കിയത്. സംസ്ഥാന ബാംബൂ മിഷന്റെ ഔദ്യോഗിക വെബ്സൈറ്റും നാഷണല്‍ സെന്റര്‍ ഫോര്‍ എച്ച്.എ.സി.സി.പി (എന്‍.സി.എച്ച്.സി) യുടെ ഔദ്യോഗിക വെബ്സൈറ്റും പരിപാലിക്കുന്നതും കൈകാര്യം ചെയ്യുന്നതും കെ ബിപ് തന്നെയാണ്.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ കെ ഇളങ്കോവന് ഐ എ എസ്. സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ എ എസ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ എം ജി രാജമാണിക്യം, കെ-ബിപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ് സൂരജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.