അഡ്വ. ഡി സുരേഷ്‌കുമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

എ.ഷൈലജാ ബീഗം വൈസ് പ്രസിഡന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മലയിന്‍കീഴ് ഡിവിഷനില്‍ നിന്നും വിജയിച്ച അഡ്വ. ഡി. സുരേഷ്‌കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റായതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫില്‍ നിന്നും മത്സരിക്കാന്‍ അംഗങ്ങളുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ വോട്ടെടുപ്പ് നടത്തിയില്ല. പകരം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അഡ്വ. ഡി. സുരേഷ് കുമാറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ദൃഢപ്രതിജ്ഞ ചൊല്ലി അദ്ദേഹം അധികാരമേറ്റു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ലഭിച്ച അവസരമാണിതെന്നും ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രദ്ധ പുലര്‍ത്തുമെന്നും ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു.

കിഴുവിലം ഡിവിഷനില്‍ നിന്നും വിജയിച്ച എ. ഷൈലജാ ബീഗമാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിനു ശേഷം ചേര്‍ന്ന അനുമോദന യോഗത്തില്‍ വി. കെ പ്രശാന്ത് എം.എല്‍.എ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ മധു, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളെയും ചടങ്ങില്‍ അനുമോദിച്ചു.

Social media & sharing icons powered by UltimatelySocial