ഇനി മൂന്നാറിലെ സഞ്ചാരത്തിന് കെഎസ്ആർടിസിയും

സൈറ്റ് സീയിങ് സർവ്വീസ് ജനുവരി 1 മുതൽ‌, കുറഞ്ഞ ചിലവിൽ മൂന്നാർ ചുറ്റിക്കറങ്ങാം.

തിരുവനന്തപുരം; കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രക‍ൃതി മനോഹാരിത സഞ്ചാരികളെ കുറഞ്ഞ ചിലവിൽ  കാണിക്കുന്നതിന് വേണ്ടി ഇനി കെഎസ്ആർടിസിയും, ഇതിന് വേണ്ടി കെഎസ്ആർടിസി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സർവ്വീസ് 2021 ജനുവരി 1 മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് പുതുവർഷ സമ്മാനമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സർവ്വീസ് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തിക്കും. ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കാൻ അവസരം നൽകും, കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ജനുവരി മുതൽ 3 ദിവസം  മൂന്നാറിലെ കെഎസ്ആർടിസി ഡിപ്പോയിൽ  സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പർ ബസുകളിൽ താമസിക്കുന്ന സഞ്ചാരികൾക്ക് യാത്ര സൗജന്യമായിരിക്കും. പദ്ധതി വിജയിക്കുന്ന മുറയ്ക്ക് കാന്തല്ലൂരിലും സർവ്വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

Social media & sharing icons powered by UltimatelySocial