തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് നാളെ ( 09–2-2021- 10 എഎം) നിര്‍വഹിക്കും. വ്യവസായമന്ത്രി ഇ.പി.ജയരാജന് അധ്യക്ഷതവഹുക്കും. ബി.പി.സി.എല്ലിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിന് റിഫൈനറിയുടെ വിപുലീകരണവും അതുവഴി ലഭിക്കുന്ന അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ഒരു ക്ലസ്റ്റര്‍ സ്ഥാപിക്കുക എന്നതുമാണ് പാര്‍ക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് . വ്യവസായ വകുപ്പിന് കീഴിലുള്ള കിന്‍ഫ്രയാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.റ്റി യില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 481.79 ഏക്കര്‍ ഭൂമിയിലാണ് കിന്‍ഫ്ര പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. നിലവില്‍ 171 ഏക്കര്‍ ഭൂമി ബി.പി.സി.എല്ലിന്റെ വികസനത്തിനായി പാട്ട വ്യവസ്ഥയില്‍ അനുവദിച്ചു കഴിഞ്ഞു. 33% ഭൂമി ഹരിത ബെല്‍റ്റ് സ്ഥാപിക്കുന്നതിനായി നിലനിര്‍ത്തും. 229 ഏക്കര്‍ ഭൂമിയാണ് വ്യവസായ സംരംഭങ്ങള്‍ക്കായി അലോട്ട് ചെയ്യുന്നതിന് പെട്രോകെമിക്കല്‍ പാര്‍ക്കില്‍ ലഭിക്കുന്നത്. 12 എം.എല്‍.ഡി ജലവിതരണം, 11/33 കെ.വി. വൈദ്യുതി വിതരണം, മലിനീകരണ നിയന്ത്രണ പ്ലാന്റ്, ഗെയില്‍ വാതക പൈപ്പ് ലൈന്‍ , കേരളാ എന്‍വിറോ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിന്റെ മാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പാര്‍ക്കില്‍ കിന്‍ഫ്ര ഒരുക്കും. 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 30 മാസത്തിനകം ഇവ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബി.പി.സി.എല്ലിന്റെ അസംസ്കൃത പദാര്‍ത്ഥങ്ങളായ പ്രൊപ്പലീന്‍, ബെന്‍സീന്‍, അക്രിലിക് ആസിഡ്, ടൊളുവിന്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്കാണ് പാര്‍ക്ക് ശ്രദ്ധയൂന്നുന്നത്. 2020 ഓടെ പ്രൊപ്പലീന്‍ ഗ്ലൈസോള്‍, മോണോ എത്തിലീന്‍ ഗ്ലൈസോള്‍, സൂപ്പര്‍ അബ്സോര്ബ്ഡ് പോളിമര്‍ എന്നിവ കൂടി അസംസ്കൃതവസ്തുക്കളായി ലഭിക്കും. ഇവയില്‍ നിന്ന് പെയ്ന്റ് , ഡൈകള്‍, ടെക്സറ്റൈല്‍ ഫിനിഷിംഗ് – പേപ്പര്‍ പ്രിന്റിങ് രാസവസ്തുക്കള്‍ തുടങ്ങിയ ഉല്പന്നങ്ങളാണ് പാര്‍ക്കില്‍ നിര്‍മ്മിക്കാനാവുക. ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്, ഫാര്‍മ്മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള്, ടെക്സ്റ്റൈല്‍ ഉല്പന്നങ്ങള്, ഉപഭോക്തൃ മോടിയുള്ള ഉല്പന്നങ്ങള് എന്നീ മേഖലയിലാണ് പെട്രോകെമിക്കല്‍ പാര്‍ക്കില്‍ പ്രധാനമായും നിക്ഷേപ സാധ്യതകള്‍ ഉള്ളത്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും അവസാന ഘട്ടത്തിലാണ്. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നിലവില്‍ കിന്‍ഫ്രയ്ക്ക് 17 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പ്രസ്തുത 17 അപേക്ഷകള്‍ക്കും ജില്ലാതല അലോട്ട്മെന്റ് കമ്മിറ്റി അധികാരം നല്‍കിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ച സംരംഭകര്‍ക്ക് ശിലാസ്ഥാപന ചടങ്ങില്‍ ലെറ്റര്‍ ഓഫ് ഇന്റിമേഷന്‍ കൈമാറും. പാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 10,000 ത്തോളം തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും അത്രയുംതന്നെ തൊഴിലവസരങ്ങള്‍ പരോക്ഷമായും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടുക്കി: സുഗന്ധ വ്യഞ്ജനാധിഷ്ഠിത വ്യവസായങ്ങള്‍ക്കായി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സ്പൈസസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നാളെ (09-02-2021- വൈകീട്ട് 4 മണി, മുട്ടം )വ്യവസായമന്ത്രി ഇ.പി.ജയരാജന് നിര്‍വഹിക്കും.ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ മുട്ടത്ത് 15 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ഒരുങ്ങുന്നത്. സുഗന്ധ വ്യഞ്ജന മേഖലയില്‍ പ്രീപ്രോസസിംഗ്, മൂല്യവര്‍ദ്ധന എന്നിവയെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 12.5 കോടി രൂപയുടേതാണ് പദ്ധതി. ക്ലസ്റ്റര്‍ ഡെവലപ്മെന്റ് പദ്ധതി പ്രകാരം 5.77 കോടിരൂപ കേന്ദ്ര സഹായം ലഭിക്കും.
പ്രസ്തുത പാര്‍ക്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടം, ഡോക്യുമെന്റേഷന് സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക് / പോസ്റ്റ് ഓഫീസ്, അസംസ്കൃതവസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിംഗ് സൗകര്യങ്ങള്‍, ക്യാന്റീന് എന്നീ ്ടിസ്ഥാന സൗകര്യങ്ങള്‍ കിന്‍ഫ്ര സജ്ജമാക്കും. ജലം, വൈദ്യുതി, ഇന്റേണല്‍ റോഡുകള്‍, മലിനീകരണ നിയന്ത്രണ പ്ലാന്റ്, സ്ട്രീറ്റ് ലൈറ്റുകള്‍, മഴവെള്ള സംഭരണി തുടങ്ങിയവയും തയ്യാറാക്കും. 20 പ്ലോട്ടുകളായാണ് പദ്ധതി വികസിപ്പിച്ചിട്ടുള്ളത്. സുഗന്ധ വ്യഞ്ജന തൈലങ്ങള്‍, സുഗന്ധ വ്യഞ്ജന കൂട്ടുകള്‍, ചേരുവകകള്‍,കറിപ്പൊടികള്‍, കറി മസാലകള്‍, നിര്‍ജ്ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍,സുഗന്ധവ്യഞ്ജന പൊടികള്‍, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.