ആർമി റിക്രൂട്ട്‌മെന്റ് റാലി: ഒരുക്കങ്ങൾ പൂർണം; സർവസജ്ജമായി ജില്ലാ ഭരണകൂടം

തിരുവനന്തപുരത്ത് നാളെ(ഫെബ്രുവരി 26) മുതൽ നടക്കുന്ന ആർമി റിക്രൂട്ട്‌മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന കോവിഡ് മാനദണ്ഡങ്ങളോടെയാകും റിക്രൂട്ട്‌മെന്റ് റാലി നടക്കുക. റാലിക്കെത്തുന്ന ഉദ്യോഗാർഥികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താമസ, യാത്രാ സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്.

നാളെ (ഫെബ്രുവരി 26) മുതൽ മാർച്ച് 12 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി. സംസ്ഥാനത്തെ 14 ജില്ലകളിലുള്ളവർക്കും ഇതേ കേന്ദ്രത്തിലാണ് റിക്രൂട്ട്‌മെന്റ് നടക്കുക. ഓരോ ജില്ലക്കാർക്കും പ്രത്യേകം തീയതികൾ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. റാലിക്കെത്തുന്ന ഉദ്യോഗാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്നും റാലി നടക്കുന്ന പരിസരങ്ങളിലേക്ക് ഉദ്യോഗാർഥിയെ മാത്രമേ പ്രവേശിപ്പിക്കൂ എന്നും കളക്ടർ പറഞ്ഞു. ഉദ്യോഗാർഥികൾക്ക് സ്‌റ്റേഡിയത്തിലേക്ക് എത്തുന്നതിനായി പ്രത്യേക കെ.എസ്.ആർ.ടി.സി. ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനങ്ങളിൽ വരുന്നവർ സ്റ്റേഡിയത്തിനു മൂന്നു കിലോമീറ്റർ അകലെ പാർക്കിങ്ങിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്ത ശേഷം കെ.എസ്.ആർ.ടി.സി. ബസുകളിലോ കാൽനടയായോ സ്റ്റേഡിയത്തിലേക്ക് എത്തണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഫേസ്മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ഓരോ ഉദ്യോഗാർഥിക്കും നിർബന്ധമാണെന്നും കളക്ടർ പറഞ്ഞു.

ഓരോ ദിവസവും 5,000 മുതൽ 7,000 വരെ ഉദ്യോഗാർഥികൾ പങ്കെടുക്കുമെന്നാണു കരുതുന്നതെന്ന് റാലിക്കായി ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുള്ള നോഡൽ ഓഫിസറും ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണറുമായ ഡോ. വിനയ് ഗോയൽ പറഞ്ഞു. ഇതു മുന്നിൽക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നു (ഫെബ്രുവരി 25) വൈകിട്ടു മുതൽ തിരക്ക് നിയന്ത്രിക്കുന്നതിനായി കാര്യവട്ടത്തും പരിസര പ്രദേശങ്ങളിലും 300 പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിയിൽ നിയോഗിക്കും. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്റ്റേഡിയത്തിൽ പ്രവർത്തിക്കും. ആംബുലൻസ്, സ്‌ട്രെച്ചർ തുടങ്ങിയ സൗകര്യങ്ങളോടെയാകും സംഘം പ്രവർത്തിക്കുക.

റാലിക്കെത്തുന്ന ഉദ്യോഗാർഥികൾക്കു വിശ്രമിക്കുന്നതിനായി 13 സ്‌കൂളുകൾ ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. കാര്യവട്ടം ഗവ. യു.പി. സ്‌കൂൾ, ചെങ്കോട്ടുകോണം ഗവ. എൽ.പി. സ്‌കൂൾ, ശ്രീകാര്യം ഗവ. ഹൈസ്‌കൂൾ, മനക്കൽ ഗവ. എൽ.പി. സ്‌കൂൾ, കുളത്തൂർ ജി.ആർ. എൽ.പി. സ്‌കൂൾ, കുളത്തൂർ ജി.എസ്.എസ്. എൽ.പി.സ്‌കൂൾ, കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ആറ്റിൻകുഴി എൽ.പി. സ്‌കൂൾ, ചന്തവിള ഗവ. യു.പി. സ്‌കൂൾ, സെന്റ ആന്റണീസ് എൽ.പി. സ്‌കൂൾ, ആലുമ്മൂട് എൽ.പി. സ്‌കൂൾ, കണിയാപുരം എം.ജി.എച്ച്.എസ്. എന്നീ സ്‌കൂളുകളിലാണ് വിശ്രമ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗാർഥികൾക്കായി കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക ബസുകളുമുണ്ടാകും. പുലർച്ചെ നാലു മുതൽ വിദ്യാർഥികളെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോകുന്നത് ഈ ബസുകളിലാകും. ഉദ്യോഗാർഥികളുടെ ആവശ്യത്തിനായി തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ മൊബൈൽ ടോയ്‌ലറ്റുകൾ, കുടിവെള്ള സംവിധാനം, കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റാലിയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ ഇന്നു (ഫെബ്രു: 25 )രാവിലെ 11ന് കാര്യവട്ടം സ്റ്റേഡിയത്തിൽ മോക് ഡ്രിൽ നടക്കും. റാലിയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഇതിൽ പങ്കെടുക്കും.

Social media & sharing icons powered by UltimatelySocial