വോട്ടെണ്ണൽ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയിൽ

നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയിലെ വോട്ടെണ്ണൾ കേന്ദ്രങ്ങളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിൽ ഒരുക്കുന്ന വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങൾ കളക്ടർ ഇന്നലെ (24 ഫെബ്രുവരി) സന്ദർശിച്ചു.

ഒരു കൗണ്ടിങ് ഹാളിൽ ഏഴു ടേബിളുകൾ മാത്രമായിരിക്കും സജ്ജീകരിക്കുകയെന്നു കളക്ടർ പറഞ്ഞു. ഈ രീതിയിൽ ഒരു നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണലിനായി മൂന്നു മുതൽ നാലു വരെ ഹാളുകൾ വേണ്ടിവരും. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും പൂർണ കോവിഡ് സുരക്ഷ ഉറപ്പാക്കും. കൗണ്ടിങ് കേന്ദ്രങ്ങളിൽ തിരക്ക് പരമാവധി കുറയ്ക്കും. ഏജന്റുമാരുടെ എണ്ണം കൂടിയാൽ കൺട്രോൾ യൂണിറ്റിൽനിന്നുള്ള റിസൾട്ട് വലിയ സ്‌ക്രീനിൽ കാണിക്കാനുള്ള സംവിധാനമൊരുക്കണമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുൻപും ശേഷവും വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കും. കൗണ്ടിങ് ഉദ്യോഗസ്ഥർ ഡിസ്‌പോസിബിൾ ഫേസ് ഷീൽഡ്, എൻ95 മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിച്ചിരിക്കണം. മറ്റെല്ലാവരും ട്രിപ്പിൾ ലെയർ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം. വോട്ടെണ്ണൽ കേന്ദ്രത്തിലെ കസേരകൾ സാമൂഹിക അകലം പാലിച്ചാകും ക്രമീകരിക്കുക. കേന്ദ്രത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളിൽ സാനിറ്റൈസർ, ലിക്വിഡ് സോപ്പ് എന്നിവ വയ്ക്കുമെന്നും കളക്ടർ പറഞ്ഞു.

മാർ ഇവാനിയോസ് നഗറിലെ സർവോദയ വിദ്യാലയ, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിൽ രണ്ടു വീതം നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങളും സെന്റ് ജോൺസ് സ്‌കൂൾ, മാർ തിയോഫിലസ് ട്രെയിനിങ് കോളേജ്, മാർ ബസേലിയസ് എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വീതവും സജ്ജീകരിക്കും. ബാക്കിയുള്ള ഏഴ് നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ക്രമീകരിക്കുവാനുള്ള പ്രവർത്തങ്ങൾ പുരോഗമിക്കുകയാണെന്നും കളക്ടർ പറഞ്ഞു.

Social media & sharing icons powered by UltimatelySocial