ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം പാറശാല കൊറ്റാമത്ത് സജ്ജമാക്കിയ സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രമായ എം.ആര്‍.എസ്.ടി.യുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നല്‍കിയ കെട്ടിടത്തില്‍ 2 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ച് നവീകരിച്ചാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഇതോടൊപ്പം തന്നെ പുതിയൊരു കെട്ടിടം കൂടി നിര്‍മ്മിക്കുന്നു. ഈ വര്‍ക്ക്‌ഷോപ്പിന് പുറമേ ഒരു പ്രോസ്തറ്റീക്‌സ് ലാബ് കൂടി പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങള്‍ അവരുടെ ആവശ്യകതയനുസരിച്ച് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. കൊറ്റാമത്തെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തോടൊപ്പം തന്നെ വടക്കന്‍ മേഖലയിലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി അവര്‍ക്ക് എത്തിപ്പെടാന്‍ സൗകര്യത്തിന് എം.ആര്‍.എസ്.ടിയുടെ ഒരു പുതിയ യൂണിറ്റ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടുകൂടി കണ്ണൂര്‍ ജില്ലയിലെ കുളപ്പ എന്ന സ്ഥലത്ത് ആരംഭിക്കുന്നതിനായി 3 കോടി രൂപയുടെ ഭരണാനുമതി ഇതിനകം സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ ലോകത്തെവിടെയും ലഭിക്കുന്ന ആധുനിക സഹായ ഉപകരണങ്ങള്‍ കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ഒരു ഷോറും തുടങ്ങുന്നതിന് വിവിധ ഘട്ടങ്ങളിലായി ഏകദേശം 4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. അതിന്റെ ഡിസൈനിംഗ് എല്ലാം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനസജ്ജമാകാന്‍ പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മഹാമാരി മൂലമുണ്ടായിട്ടുള്ള പ്രതിസന്ധികളുണ്ടായിട്ടും അവയെല്ലൊം മറികടന്നുകൊണ്ടാണ് പൂര്‍ണമായും എം.ആര്‍.എസ്.ടി. സെന്റര്‍ പൂര്‍ത്തീകരിക്കാനും കണ്ണൂര്‍ എം.ആര്‍.എസ്.ടി. സെന്റര്‍ ആരംഭിക്കുന്നതിനും ഷോറും പ്രവര്‍ത്തനം ആരംഭിക്കാനും സാധിച്ചത്. അതോടൊപ്പം തന്നെ കേരളത്തിലെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ എവിടെനിന്നും വാങ്ങുന്നതിനും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്തുന്നതിനും ഇ-സ്റ്റോര്‍ ആരംഭിക്കാനും സര്‍ക്കാര്‍ അനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഇവയെല്ലാം ചേര്‍ത്തുകൊണ്ട് കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ അവരുടെ ആവശ്യകത അനുസരിച്ച് ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങള്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ഒരു പ്രഥമ പ്രവര്‍ത്തനം എന്ന നിലയിലാണ് എം.ആര്‍.എസ്.ടി. സെന്ററിന്റെ നവീകരണം സര്‍ക്കാര്‍ കാണുന്നത്. ബാക്കിയുള്ളവ സമയബന്ധിതമായി പൂര്‍ത്തികരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ സ്വാഗതം ആശംസിച്ചു. കേണല്‍ ഷാജി എം. വര്‍ഗീസ് റിപ്പോര്‍ട്ടവതരിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍ കെ.എസ്.എസ്.എം. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ എന്നിവര്‍ മുഖ്യാതിഥികളായി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ആനാവൂര്‍ നാഗപ്പന്‍, വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലാല്‍കൃഷ്ണന്‍, അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.എസ്. നവനീത് കുമാര്‍, മഞ്ജു സ്മിത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി നന്ദി പറഞ്ഞു.  

Social media & sharing icons powered by UltimatelySocial