ഹരിതചട്ട പാലനം’ കൈപ്പുസ്തകം പ്രകാശനം ചെയ്തു

നിയമസഭ തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ചു നടത്താന്‍ നിര്‍ദേശിക്കുന്ന ‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രകാശനം ചെയ്തു.  ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, സ്വച്ച് ഭാരത് മിഷന്‍, ക്ലീന്‍ കേരള എന്നിവര്‍ സംയുക്തമായാണ് പുസ്തകം പുറത്തിറക്കിയത്.
ഹരിതചട്ട പാലനത്തിനായി സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പാലിക്കേണ്ട നിബന്ധനകളാണ് പുസ്തകത്തിലുള്ളത്. ഹരിതചട്ടവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുമുള്ള പരിശീലന പരിപാടികളിലും വിവിധ കേന്ദ്രങ്ങള്‍ വഴിയും പുസ്തകം വിതരണം ചെയ്യും.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ വികസന കമ്മിഷണര്‍ വിനയ് ഗോയല്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി. ആര്‍ അഹമ്മദ് കബീര്‍, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷീബ പ്യാരേലാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

Social media & sharing icons powered by UltimatelySocial