കൗൺസിലർ സാബു ജോസിന് നഗരസഭയുടെ അന്ത്യാഞ്ജലി

ഇന്നലെ അന്തരിച്ച വെട്ടുകാട് കൗൺസിലർ സാബു ജോസിന് നഗരസഭയുടെ പ്രത്യേക യോഗം ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു. മേയർ ആര്യ രാജേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു . ജനപ്രതിനിധി എന്ന നിലയിൽ വെട്ടുകാട് വാർഡിലെ പ്രശ്നങ്ങളിൽ ഇടപെടുകയും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാനും തന്റെ ആരോഗ്യ സ്ഥിതിപോലും നോക്കാതെയാണ് പ്രവർത്തിച്ചത്. സാമൂഹ്യ സേവനത്തിൽ മാത്രമല്ല കലാരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നാടക പ്രവർത്തനത്തിൽ സജീവമായിരുന്നു. നാടകകുലപതിമാരിൽ ഒരാളായ സി.എൽ.ജോസിന്റേത് ഉൾപ്പെടെ നിരവധി അമച്വർ – പ്രൊഫഷണൽ നാടകങ്ങളുടെ ഭാഗമായിരുന്ന അദ്ദേഹം തിരുവനന്തപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറി, കൊച്ചുവേളി പാരിഷ് സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ്സ് ക്ലബ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു . കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കോവിഡ് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ വച്ച് അന്ത്യശ്വാസം വലിച്ചത്. ബഹുമുഖ പ്രതിഭയും പൊതുസമ്മതനുമായ ഒരു അംഗത്തെയാണ് നഗരസഭയ്ക്ക് നഷ്ടമായതെന്ന് മേയർ അനുശോചന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, വിവിധ കക്ഷി നേതാക്കൾ, കൗൺസിൽ അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

5 Views