കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദിനയും, ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാല്‍ ഇന്നലെ കൊവിഡ് പരിശോധന നടത്തി. ഇന്ന് ഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചിരിക്കുന്നത്.

അതേസമയം താരത്തിനെതിരെ വിദ്വേഷ പ്രചരണത്തിന് കേസെടുത്തു. തൃണമൂല്‍ നേതാവ് റിജു ദത്തയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്വേഷ പ്രചരണം നടത്തുകയും സാമുദായിക കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിന് കങ്കണക്കെതിരെ കേസ് ഫയല്‍ ചെയ്തുവെന്ന് റിജു ദത്ത പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ബംഗാളില്‍ ഉണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് കങ്കണ ചെയ്ത ട്വീറ്റില്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണമാക്കണമെന്ന് പറഞ്ഞിരുന്നു. അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ‘ബംഗാള്‍ ബേണിങ്ങ് ‘ എന്ന സൈബര്‍ ക്യാംപെയിനിന്റെ ഭാഗമായിരുന്നു കങ്കണ. ഇതേ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ടും ബാന്‍ ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയെ കങ്കണ ട്വിറ്ററിലൂടെ രാക്ഷസിയെന്ന് വിളിച്ചത്. ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം.

ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിയതിനു ശേഷം, ഇന്‍സ്റ്റാഗ്രാമില്‍ പുതിയ വീഡിയോ ആയി കങ്കണ രംഗത്ത് വന്നിരുന്നു. ബംഗാളില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞതിന്റെ പേരിലാണ് ട്വിറ്റര്‍ ഇന്ത്യ തന്റെ അക്കൌണ്ട് പൂട്ടിയത് എന്നും , ഇത് ജാനധിപത്യത്തിന്റെ മരണമാണ് എന്നുമായിരുന്നു കങ്കണയുടെ വാദം. സര്‍ക്കാരിനു കേള്‍ക്കാനായി പ്രധാന സന്ദേശം നല്‍കാന്‍ ഉണ്ടെന്നു പറഞ്ഞാണ് കരഞ്ഞു കൊണ്ടുള്ള വീഡിയോ കങ്കണ ഷെയര്‍ ചെയ്തത്.

10 Views