ജില്ലാ പഞ്ചായത്തില്‍ കോവിഡ് ഹെല്‍പ് ഡെസ്‌ക്

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കോവിഡ് ഹെല്‍പ്ഡെസ്‌ക് നാളെ (മെയ് 12) മുതൽ രാവിലെ 10.30 ന് പ്രവര്‍ത്തനമാരംഭിക്കും. പട്ടത്തുള്ള ജില്ലാ പഞ്ചായത്തിന്റെ കാര്യാലയത്തിലാണ് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ ഭക്ഷണം, ചികില്‍സ, മരുന്ന്, അടിയന്തര ആംബുലന്‍സ് സേവനം തുടങ്ങിയ സേവനങ്ങള്‍ ഹെല്‍പ് ഡെസ്‌ക് വഴി ജനങ്ങള്‍ക്കു ലഭിക്കും. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ശേഖരണകേന്ദ്രവും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിലെ കൗണ്‍സിലര്‍മാര്‍ വോളണ്ടിയര്‍മാരായി ഇവിടെ സേവനമനുഷ്ഠിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരുമാകും ഹെല്‍പ്ഡെസ്‌ക് നിയന്ത്രിക്കുക. പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ഫോണ്‍ കോളുകള്‍ അതത് വിഭാഗങ്ങളെ അറിയിച്ച് സേവനം ഉറപ്പുവരുത്തും. ഹെല്‍പ്ഡെസ്‌കിന്റെ ഭാഗമായ കളക്ഷന്‍ സെന്ററിലേക്ക് അവശ്യവസ്തുക്കളായ മാസ്‌ക്, സാനിറ്റൈസര്‍, സോപ്പ്, കൈയുറകള്‍, പി പി ഇ കിറ്റ്, മരുന്നുകള്‍, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് സംഭാവന ചെയ്യാം. തിരുവനന്തപുരം ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്ത് സഹായകേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പര്‍ 0471 2550750.

1 Views