ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ 13 ലക്ഷം കടന്നു

സംസ്ഥാനത്ത് ആദ്യമായി കോവിഡ് വാക്സിനേഷന്‍ 13 ലക്ഷം കടന്ന ജില്ലയായി തിരുവനന്തപുരം. 13,75,546 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 10,80,845 പേര്‍ ആദ്യ ഡോസും 2,94,701 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചവരാണ്.

പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ചാണു ജില്ലയില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. കിടപ്പുരോഗികള്‍, പട്ടികവര്‍ഗ സെറ്റില്‍മെന്റുകളിലുള്ളവര്‍, വൃദ്ധ സദനങ്ങളിലുള്ളവര്‍ തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക വാക്സിനേഷന്‍ ഡ്രൈവുകള്‍ വലിയ വിജയമായി.

കിടപ്പുരോഗികള്‍ക്കു കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി ‘സാന്ത്വന സുരക്ഷ’ എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. കിടപ്പുരോഗികള്‍ക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയില്‍ എത്തി വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവരുമായ 18നു മുകളില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതി പ്രകാരം വീടുകളിലെത്തി വാക്സിന്‍ നല്‍കും. പാലിയേറ്റിവ് കെയറില്‍ രജിസ്റ്റര്‍ ചെയ്ത 31,146 രോഗികളില്‍ 2,223 പേര്‍ക്ക് പദ്ധതി പ്രകാരം ഇതുവരെ ഇതുവരെ വാക്‌സിന്‍ നല്‍കി.

പട്ടികവര്‍ഗ സെറ്റില്‍മെന്റുകളില്‍ ‘സഹ്യസുരക്ഷ’ കോവിഡ് വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലാണ് വാക്സിനേഷന്‍ പദ്ധതി പുരോഗമിക്കുന്നത്. ഇവിടങ്ങളില്‍ 45 വയസ്സിനു മുകളിലുള്ള 5,153 പേര്‍ വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 18നും 45നുമിടയില്‍ പ്രായമുള്ള 2,274 പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

ജില്ലയിലെ 66 വൃദ്ധസദനങ്ങളിലെ മുഴുവന്‍ അന്തേവാസികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞതായി കളക്ടര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ 332 പേര്‍ പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. സ്പെഷ്യല്‍ സ്‌കൂളുകളിലും ബഡ്സ് സ്‌കൂളുകളിലും പഠിക്കുന്ന 18നും 44നും മധ്യേ പ്രായമുള്ള പ്രത്യേക ശ്രദ്ധവേണ്ട വിദ്യാര്‍ഥികള്‍ക്കും കോവിഡ് വാക്സിനേഷന്‍നല്‍കുന്നുണ്ട്. സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെയാണിത്.

ജില്ലയില്‍ വരും ദിവസങ്ങളിലും വാക്സിനേഷന്‍ സെഷനുകള്‍ വിപുലമായി തുടരും. കോവിഡ് വ്യാപനം കുറയുന്നതിനുവേണ്ടി ജില്ലാഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോടു പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

54 Views