വ്യാപാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം; രണ്ടാഴ്ച മെഗാ ഓഫറുകൾ പാടില്ല

വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതിന് അടയ്ക്കണം
ഹോട്ടലുകളിൽ 11 വരെ ടേക്ക് എവേ കൗണ്ടറുകൾ അനുവദിക്കും

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. സൂപ്പർ മാർക്കറ്റുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആൾക്കൂട്ടമുണ്ടാകുന്ന സാഹര്യങ്ങൾ പൂർണമായി ഒഴിവാക്കണം. വരുന്ന രണ്ടാഴ്ചത്തേക്ക് മെഗാ സെയിലുകളും ഓഫറുകളും അനുവദിക്കില്ലെന്നും കളക്ടർ പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിലെ വ്യാപാര മേഖലയിലെ വിവിധ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണു തീരുമാനങ്ങൾ.

സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളോടു ജില്ലയിലെ വ്യാപാരി സമൂഹം പൂർണമായി സഹകരിക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്പതിന് അടയ്ക്കണം. ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ടേക് എവേ കൗണ്ടറുകൾ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ 50% സീറ്റുകളിൽ മാത്രമേ ആളുകളെ ഇരിക്കാൻ അനുവദിക്കാവൂ. ബാക്കിയുള്ളവ ക്രോസ് ചെയ്യണം. ഓൺലൈൻ ബുക്കിങ്ങും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ട്രയൽസ് പാടില്ല.

വ്യാപാര സ്ഥാപനങ്ങളിലേക്കു പ്രവേശിക്കുന്ന എല്ലാവരുടേയും ശരീരോഷ്മാവ് നിർബന്ധമായും പരിശോധിക്കണം. വരുന്ന ആളുകളുടെ പേരും ഫോൺ നമ്പറും എഴുതി സൂക്ഷിക്കാനുള്ള രജിസ്റ്റർ സൂക്ഷിക്കണം. ഇതിനായി പ്രത്യേക ജീവനക്കാരെ നിയോഗിക്കണം. സ്ഥാപനത്തിന്റെ സ്ഥലവിസ്തൃതിയനുസരിച്ച് ശാരീരിക അകലം പാലിക്കത്തക്ക രീതിയിൽ മാത്രമേ ആളുകളെ അകത്തേക്കു പ്രവേശിപ്പിക്കാവൂ. ബാക്കിയുള്ളവരെ സാമൂഹിക അകലം പാലിച്ച് ക്യൂവിൽ നിർത്തണം.

സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി ലഭിക്കുന്ന കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. സ്ഥാപന ഉടമ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധവയ്ക്കണം. 45 വയസിനു താഴെ പ്രായമുള്ള എല്ലാ ജീവനക്കാർക്കും ഓരോ 15 ദിവസം കൂടുമ്പോൾ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവാണെന്ന് ഉറപ്പാക്കണം. വ്യാപാരികളുടെ സൗകര്യാർഥം ചാല, പാളയം തുടങ്ങി ജില്ലയിലെ തിരക്കേറിയ മാർക്കറ്റുകളിൽ മൊ ബൈൽ ടെസ്റ്റിങിന് സൗകര്യമുണ്ടാക്കും. ഇതിനായി വ്യാപാരി സംഘടനകൾ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായോ മൊബൈൽ ടെസ്റ്റിങിനുള്ള മറ്റേതെങ്കിലും സംവിധാനവുമായോ ബന്ധപ്പെടണം. അതതു പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറുടെ മേൽനോട്ടത്തിൽ പരിശോധന നടത്തണമെന്നും കളക്ടർ പറഞ്ഞു.

കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നോഡൽ ഓഫിസർ ബി. അനീഷ് കുമാർ, വ്യാപാര മേഖലയിലെ സംഘടനാ നേതാക്കളായ ബി. ജയധരൻ നായർ, ബി. വിജയകുമാർ, വീരഭദ്രൻ, ബി. മധുസൂധനൻ നായർ, എൻ. സുധീന്ദ്രൻ, എം. ബാബുജൻ, എ. ശശികുമാർ, ഡാനിഷ് ചന്ദ്രൻ, വൈ. വിജയൻ, പെരിങ്ങമ്മല രാമചന്ദ്രൻ, ജെ.കെ. ഖാലിദ്, ടി.വി. അഭയൻ, പാളയം അശോക്, എം. വിജയ് തുടങ്ങിയവർ പങ്കെടുത്തു.