ലോക്ക്ഡൗണിൽ അതിഥി തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടം

ലോക്ക് ഡൗണിൽ ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ഊർജിത നടപടികളുമായി ജില്ലാ ഭരണകൂടം. ഇവരുടെ ചികിത്സയും ഭക്ഷണവുമടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇതിനുവേണ്ടി കളക്ടർ അധ്യക്ഷയായി ജില്ലാതല ഉദ്യോഗസ്ഥതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും കർശന കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും പാലിക്കണമെന്നു കളക്ടർ നിർദേശിച്ചു. ലോക്ക് ഡൗൺ കാലത്തു ലേബർ ക്യാംപുകളിൽ പ്രത്യേക പരിശോധന നടത്തും. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്നലെ (08 മേയ്) ലുലു മാൾ നിർമാണ മേഖലയിലും ലേബർ ക്യാംപിലും പരിശോധന നടത്തി. 
260 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 160 പേർ ലേബർ ക്യാംപിലുണ്ട്. തൊഴിലാളികളുമായി ആശയവിനിമയം നടത്തിയ കളക്ടർ, ലോക്ക് ഡൗണിലും നിർമാണ ജോലികൾ തുടരാമെന്നും നാട്ടിലേക്കു മടങ്ങിപ്പോകേണ്ട സാഹചര്യമില്ലെന്നും അവരെ ബോധ്യപ്പെടുത്തി. തൊഴിലാളികൾക്കിടയിൽ തുടർച്ചയായ കോവിഡ് പരിശോധന നടത്താൻ കളക്ടർ നിർദേശം നൽകി. ക്ലസ്റ്ററുകൾ രൂപപ്പെടുന്നതു തടയാൻ ഇതിലൂടെ കഴിയും. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണുകയോ രോഗം സ്ഥിരീകരിക്കുകയോ ചെയ്താൽ ഐസൊലേറ്റ് ചെയ്യാനുള്ള സൗകര്യങ്ങളും കളക്ടർ പരിശോധിച്ചു. 
തൊഴിലാളികളെ ഐസൊലേറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ മാറ്റി പാർപ്പിക്കുന്നതിനായി ലേബർ ക്യാംപുകളിൽ സൗകര്യങ്ങൾ സജ്ജമാക്കാൻ കരാറുകാർക്കു കളക്ടർ നിർദേശം നൽകി. ജില്ലയിലെ എട്ടു ലേബർ സർക്കിളുകളിലും അതിഥി തൊഴിലാളികൾക്കായി പ്രത്യേക ഡൊമിസിലിയറി കെയർ സെന്ററുകൾ തുറക്കും. മുൻഗണനാ ക്രമത്തിൽ ഇവർക്കു കോവിഡ് പരിശോധനയ്ക്കും വാക്സിനേഷനുമുള്ള സൗകര്യമൊരുക്കും. ഭക്ഷണം ആവശ്യമുള്ള സ്ഥലങ്ങളിൽ ഭക്ഷ്യ വകുപ്പിന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിക്കും. ലോക്ക് ഡൗണിൽ അതിഥി തൊഴിലാളികൾക്കു സഹായത്തിനും മറ്റു വിവരങ്ങൾ ലഭിക്കുന്നതിനുമായി ജില്ലാ ലേബർ ഓഫിസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. അവശ്യഘട്ടം വന്നാൽ തൊഴിലാളികൾ ജില്ലാ ലേബർ ഓഫിസിലെ 0471 2783944, 9447440956 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും കളക്ടർ അവരോട് പറഞ്ഞു
ജില്ലയിലെ എല്ലാ വർക്ക് സൈറ്റുകളിലും ലേബർ ക്യാംപുകളിലും തൊഴിലാളികൾക്കു കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച ബോധവത്കരണം നൽകുന്നതിനു തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കു കളക്ടർ നിർദേശം നൽകി. വാടക കുടിശികയുടെ പേരിൽ ജില്ലയിൽ ഒരിടത്തും ഈ ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികളെ താമസ സ്ഥലം ഒഴിയാൻ നിർബന്ധിക്കരുതെന്ന് കരാറുകാർക്കും കളക്ടർ നിർദേശം നൽകി.
ലുലു മാൾ നിർമാണ മേഖല സന്ദർശിക്കാനെത്തിയ സംഘത്തിൽ നെടുമങ്ങാട് സബ് കളക്ടർ ചേതൻ കുമാർ മീണ, അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകോട്ടി, ജില്ലാ ലേബർ ഓഫിസർ(എൻഫോഴ്സ്മെന്റ്) ജി. വിജയകുമാർ തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

8 Views