ഇനിയാ പന്തൽ പൊളിക്കരുത്; ഡോ. എസ് എസ് ലാൽ

സത്യപ്രതിജ്ഞ കഴിഞ്ഞ സെൻട്രൽ സ്റ്റേഡിയത്തിലെ സജ്ജീകരണങ്ങൾ പൊളിക്കാതെ അതിനെ കോവിഡ് വാക്സിനേഷന് വേണ്ടി ഉപയോഗിക്കണമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന ഡോ. എസ് എസ് ലാൽ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത് അത് പോലെ പാലിച്ച് പുതിയ സർക്കാർ. ഇന്ന് മുതൽ തന്നെ കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ഒരുക്കങ്ങളും തുടങ്ങി.

ഡോ. എസ് എസ് ലാൽ ന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ

മന്തിസഭയുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കാൻ പോകുകയാണ്. ഇക്കാര്യത്തിൽ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല. ഒരു നിർദ്ദേശമുണ്ട്. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തൽ. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധർക്ക് വരാനായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും. പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം.

ഡോ: എസ്. എസ്. ലാൽ

11 Views